Uncategorized

കൃഷ്ണലാലിന്റെ മരണം: അപകടമുണ്ടാക്കിയത് അമിത വേഗത്തിലെത്തിയ കാർ, മദ്യക്കുപ്പി കണ്ടെത്തി

തിരുവനന്തപുരം: ആറുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശി കൃഷ്ണലാല്‍ യാത്രയായി. അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൃഷ്ണലാലിന്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണലാലിന് മസ്തിഷ്‌കമരണം സംഭവിച്ചത്. ഹൃദയം, രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍, കരള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. ഒരുവാതില്‍കോട്ടയില്‍വെച്ച് ഏപ്രിൽ ഒന്നാം തീയതി നടന്ന അപകടത്തിലാണ് വെല്‍ഡിംഗ് തൊഴിലാളിയായ കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്. മുപ്പത്തിമൂന്നുകാരനായ കൃഷ്ണലാല്‍ സഞ്ചരിച്ച സൈക്കിളില്‍ കാര്‍ വന്നിടിക്കുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടമുണ്ടാക്കിയത് അമിതവേഗതയിലെത്തിയ വാഹനമാണ് എന്നാണ് വിവരം. കൃഷ്ണലാല്‍ സൈക്കിളില്‍ പോകവേ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. അപകടം നടന്നത് ഏപ്രില്‍ ഒന്നിനാണ്. ഇന്ന് രാവിലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

കാര്‍ ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണലാലിന്റെ സുഹൃത്ത് രംഗത്തെത്തി. കാര്‍ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് സുഹൃത്ത് പറയുന്നത്. അശ്രദ്ധ കാരണം സുഹൃത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടെന്നും അപകടമുണ്ടാക്കിയ കാറില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ടെന്നും കൃഷ്ണലാലിന്റെ സുഹൃത്ത് ആരോപിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നിലപാടുണ്ടായെന്നും അച്ഛന് ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നും സുഹൃത്ത് വ്യക്തമാക്കി.
കൃഷ്ണലാലിന്റെ ഹൃദയം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കാണ് കൊണ്ടുപോകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോകുന്നത്. കൃഷ്ണലാലിന്റെ ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കുമാണ് ദാനം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button