Uncategorized

ഭിന്നശേഷിക്കാരൻ്റെ വീട് ബാങ്ക് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് വീട്ടുകാരെ കയറ്റി നാട്ടുകാർ

വയനാട് മൂലങ്കാവിൽ ഭിന്നശേഷിക്കാരന്റെ വീട് ബാങ്ക് ജപ്‌തി ചെയ്‌തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പൂട്ടുപൊളിച്ച് വീട്ടുകാരെ തിരികെക്കയറ്റി. ജയനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്ന വീടാണ് ബത്തേരിയിലെ സ്വകാര്യബാങ്ക് ജപ്‌തി ചെയ്‌തത്. വീടും സ്‌ഥലവും ഇല്ലാതെ വാടകയ്ക്ക് താമസിച്ചിരുന്ന ജയൻ വീടുണ്ടാക്കാനായി 2018ൽ 18 ലക്ഷം രൂപ ബാങ്കിൽ നിന്നു കടമെടുത്തു. ബത്തേരി ഗവ ആശുപത്രി അറ്റൻഡറായിരുന്ന ജയൻ ശമ്പളത്തിൽ നിന്ന് 11 ലക്ഷത്തി അറുപതിനായിരം രൂപ തിരിച്ചടച്ചു. ഇതിനിടെ 2024 ജൂലൈ 31ന് പെൻഷനായി. ഇപ്പോൾ 10000 രൂപയാണ് പെൻഷൻ. പ്രായമായ അമ്മയുടെ അസുഖവും ഭാര്യയുടെ ഹൃദയസംബന്ധമായ ഓപ്പറേഷനും കാരണം അടവ് മുടങ്ങിയതോടെ ബാങ്ക് ജയനെ വേട്ടയാടാൻ തുടങ്ങി.

കഴിഞ്ഞവർഷം ഡിസംബർ പന്ത്രണ്ടിനാണ് വീട് ജപ്തി ചെയ്ത‌ത്.
മാസം 7500 രൂപ വാടക കൊടുത്തായിരുന്നു പിന്നീടുള്ള താമസം. എന്നാൽ കുടുംബത്തിന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയ നാട്ടുകാർ പൂട്ടു തല്ലി തകർത്ത് കുടുംബത്തെ സ്വന്തം വീട്ടിൽ കയറ്റി. ഇതോടെ എത്രയും വേഗം ഇറങ്ങണമെന്നായി ബാങ്ക്. വേണ്ടെന്ന് നാട്ടുകാർ. വഴിമുട്ടിയ കുടുംബം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ്. കുറച്ച് സാവകാശം കിട്ടിയാൽ വായ്‌പ തിരിച്ചടയ്ക്കാം എന്നാണ് ജയനും കുടുംബവും പറയുന്നത്. എന്നാൽ വിട്ടുവീഴ്ചയെക്കുറിച്ച് ബാങ്ക് ആലോചിക്കുന്നത് പോലുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button