Uncategorized

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

തിരുവനന്തപുരം: പേരാവൂര്‍ എംഎല്‍എ കൂടിയായ സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കെപിസിസി അധ്യക്ഷ ചുമതല ആര്‍ക്ക് നല്‍കുമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയകുഴപ്പം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക ചുമതല മറ്റൊരു നേതാവിന് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹ്നാന്‍, എം കെ രാഘവന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുകയാണെങ്കില്‍ കെ സി ജോസഫ്, പി ജെ കുര്യന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അതിനിടെ ഷാഫി പറമ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശക്തമായ ക്യാമ്പയിനാണ് നടക്കുന്നത്. ഇതോടെ തീരുമാനമെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് ആശയക്കുഴപ്പത്തിലാണ്.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡും നേതാക്കളും. ഈ സാഹചര്യത്തില്‍ ഭരണം ലഭിക്കുകയാണെങ്കില്‍ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല പിന്നീട് സ്ഥിരമായേക്കുമെന്നും സാഹചര്യം പ്രയോജനപ്പെടുത്താമെന്നുമുള്ള കണക്കുകൂട്ടലിലാണ് നേതാക്കള്‍.

2011ല്‍ കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല മത്സരിച്ചപ്പോള്‍ താല്‍ക്കാലിക അധ്യക്ഷനായി തലേക്കുന്നില്‍ ബഷീറിനെ നിയമിച്ചിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധ്യക്ഷനായ കെ സുധാകരന്‍ മത്സരിച്ചപ്പോള്‍ എംഎം ഹസ്സനായിരുന്നു അധ്യക്ഷ ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button