മുണ്ടക്കെ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രത്തിന് ദുരന്താനന്തര വിലയിരുത്തൽ (PDNA) റിപ്പോർട്ട് നൽകിയോ എന്ന് സിപിഎം പറയണം. റവന്യൂമന്ത്രി ഇക്കാര്യം മിണ്ടുന്നില്ല. മേപ്പാടിയിലെ ജനങ്ങള്‍ക്ക് പുഴുവരിച്ച അരികൊടുത്ത കോണ്‍ഗ്രസിന് ഇത് ചോദിക്കാന്‍ ധൈര്യമുണ്ടാവില്ലെന്നും വി.മുരളീധരൻ പറഞ്ഞു. വീട് നഷ്ടപ്പെട്ട ആളുകള്‍ക്ക് വീട് പണിത് നല്‍കാന്‍ സന്നദ്ധരായി ആയിരത്തോളം പേര്‍ തയാറായി വന്നിട്ടുണ്ട്. അവര്‍ക്ക് നാല് മാസം കഴിഞ്ഞിട്ടും ഒരു തുണ്ട് ഭൂമി പോലും ഈ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അവരുമായി ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.
സഹായം ലഭിച്ചെന്ന് പറയുന്ന സംസ്ഥാനങ്ങൾക്ക് അവര്‍ സമര്‍പ്പിച്ച PDNA റിപ്പോര്‍ട്ടുകൂടി കണക്കിലെടുത്താണ് തുക ലഭിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ കേരള സർക്കാർ തയാറാകുന്നില്ല. ചൂരൽമല – മുണ്ടക്കൈയെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ട ഉന്നതാധികാര സമിതി യോഗം കൂടി തുടർനടപടികളുണ്ടാകുമെന്ന് തന്നെയാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. കേന്ദ്രത്തിനെതിരെ കേസിന് പോയി വീണ്ടും കോടികൾ പാഴാക്കുകയാണ് സർക്കാർ. ദുരന്തബാധിതരായ മനുഷ്യരെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന സിപിഎം– കോണ്‍ഗ്രസ് ഗൂഢാലോചന ജനങ്ങള്‍ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.