ഷിംല: സമോസ വിവാദത്തിൽ നിന്നും തലയൂരാൻ ഹിമാചൽ സർക്കാർ ഇടപെട്ടില്ലെന്ന് സിഐഡി വിഭാഗത്തിന്റെ വിശദീകരണം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തര അന്വേഷണം മാത്രമാണിതെന്നും സിഐഡി ഡിജി അറിയിച്ചു. ആർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല. ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഡിജി വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിനെതിരെ ബിജെപി രൂക്ഷവിമർശനം തുടരുകയാണ്. രാജ്യത്ത് ഹിമാചൽ പ്രദേശിനെ കോൺഗ്രസ് സർക്കാർ പരിഹാസപാത്രമാക്കിയെന്ന് ബിജെപി ആരോപിച്ചു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സമോസയും കേക്കും കാണാതായതിൽ അന്വേഷണം തുടങ്ങിയതാണ് വിവാദമായത്. വിവാദത്തില് മുഖ്യമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതോടെയാണ് വിശദീകരണവുമായി സിഐഡി രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമോസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയ സംഭവത്തിൽ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കരുതിയിരുന്ന സമോസകളും കേക്കുകളുമാണ് അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയത്. ഒക്‌ടോബർ 21ന് മുഖ്യമന്ത്രി സിഐഡി ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ഈ സംഭവം ഹിമാചൽ പ്രദേശ് രാഷ്ട്രീയത്തില്‍ വലിയ ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സമോസയിൽ മാത്രമാണ് കോൺഗ്രസിന് താൽപ്പര്യമെന്നും സംസ്ഥാനത്തിന്‍റെ വികസനത്തില്‍ അല്ലെന്നുമാണ് ബിജെപിയുടെ പരിഹാസം.