കരമന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ്‌കുമാറിനെയാണ് സംഘം വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കാരോട് മുക്കോല ബൈപ്പാസിന് സമീപത്തായുള്ള സുരേഷ്കുമാറിൻ്റെ പുരയിടത്തിലേക്ക് മദ്യപിച്ച ശേഷം കുപ്പികൾ വലിച്ചെറിയുന്നത് പതിവാണ്. പലതവണ സുരേഷ് കുമാർ ഇത് വിലക്കിയെങ്കിലും സംഘം മദ്യക്കുപ്പികൾ പതിവായി ഇവിടേക്ക് വലിച്ചെറിയുന്നത് തുടർന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി സുരേഷ് കുമാർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ പുരയിടത്തിന് സമീപത്തായി ഈ സംഘം മദ്യകുപ്പികൾ വലിച്ചെറിയുന്നത് കണ്ടു. തുടർന്ന് സുരേഷ് കുമാർ ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ സുരേഷ് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി വീട്ടിലേക്ക് പോയി. എന്നാൽ പിന്നാലെ എത്തിയ പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി തന്നെ പുറത്തേക്ക് വലിച്ചിട്ട ശേഷം കരിങ്കല്ല് കൊണ്ട് ആക്രമിച്ചതായാണ് പാറശ്ശാല പോലീസിൽ സുരേഷ് പരാതി നൽകിയത്.