ഡൽഹി: റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയതായി യാത്രക്കാരന്റെ ആരോപണം. റെയ്തയിൽ ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം ഉന്നയിച്ചത്. നിരവധിപ്പേർ രോഷം പങ്കുവെച്ചപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഐ.ആർ.സി.ടി.സി അധികൃതരും രംഗത്തെത്തി.
ആര്യാൻശ് സിങ് എന്നയാളാണ് ചിത്രവും പരിഹാസ രൂപത്തിലുള്ള കുറിപ്പും എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ‘പ്രോട്ടീൻ’ ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിൽ പരിഹസിക്കുന്നത്. ഇത് ഐആർസിടിസിയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിലാണ് നടന്നതെന്നും അപ്പോൾ സാധാരണ ട്രെയിനുകളിലെയും പാൻട്രി കാറുകളിലെയും ഭക്ഷണത്തിന്റെ നിലവാരം ഊഹിക്കാമല്ലോ എന്നും അദ്ദേഹം പറയുന്നുണ്ട്. ട്രെയിനിൽ നിന്നും സ്റ്റേഷനിൽ നിന്നുമൊക്കെ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന അറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.