വിമാന സർവീസുകൾക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി. ദില്ലിയിലെ രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്കൂളുകൾക്കാണ് ഇന്നലെ രാത്രി ഇമെയിലിലൂടെയാണ് വ്യാജ ഭീഷണി സന്ദേശം എത്തിയത്. ക്ലാസ്മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്കൂളുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാവിലെയാണ് രോഹിണിയിലെ സിആർപിഎഫ് സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടായത്. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകൾക്കും ഭീഷണി സന്ദേശം എത്തിയത്.
അതേസമയം സ്ഫോടനം നടക്കുന്നതിന് മുൻപ് സ്ഥലത്തെത്തിയ വെള്ള ടീഷർട്ട് ധരിച്ച ഒരാളുൾപ്പടെ നാല് പേർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. സഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് വെള്ള ടീഷർട്ട് ധരിച്ചയാൾ സ്ഥലത്തെത്തിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. റിമോട്ടിലൂടെയോ, നേരത്തെ സമയം സെറ്റ് ചെയ്തോ ആണ് ബോംബ് പ്രവർത്തിപ്പിച്ചത്. കേസിൽ ഖലിസ്ഥാൻ ബന്ധം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ തെളിവ് കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ നിരോധിത സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദുമായി ബന്ധമുള്ള ടെലഗ്രാം ഗ്രൂപ്പിലാണ് ആദ്യം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോസ്റ്റുകൾ വന്നത്. ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് അമേരിക്ക ആരോപിക്കുന്ന വികാസ് യാദവ് നേരത്തെ സിആർപിഎഫ് ഉദ്യോഗസ്ഥനായിരുന്നു. സ്ഫോടനം നടത്താനും ഇപ്പോൾ ഭീഷണി സന്ദേശങ്ങൾ അയക്കാനും സിആർപിഎഫ് സ്കൂൾ തെരഞ്ഞെടുത്തതിന് ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.