തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലിസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആശ്വാസം. ഇവരുടെ പരിശീലനത്തിനായി 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.അടുത്ത മെയ് മാസത്തിലാണ് പൊലീസിലെ സിവിൽ പൊലിസ് ഓഫീസർ തസ്തികളിയിൽ കൂട്ട വിരമിക്കൽ ഒഴിവുകള്‍ വരുന്നത്. അങ്ങനെ പ്രതീക്ഷിത ഒഴിവിലേക്ക് മുൻകൂട്ടി പരിശീലനം നൽകാനായി സർക്കാർ ഉത്തരവിറക്കിയാലെ ഈ പട്ടികയിൽ നിന്നും 1000 പേർക്കെങ്കിലും നിയമനം ലഭിക്കുകയുള്ളൂ. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണിപ്പോള്‍ 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പൊലീസ് കോണ്‍സ്റ്റബിൽ തസ്തികയിൽ ഓരോ ജില്ലയിലും വരുന്ന ഒഴിവുകളിലെ നിശ്ചിത എണ്ണം തസ്തികകള്‍ വനിതകള്‍ക്കായി മാറ്റിവെക്കുകയാണെന്നും പുതിയ ഉത്തരവിലുണ്ട്. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ കണക്കാക്കുമ്പോള്‍ വരുന്ന ഒരോ 9 ഒഴിവുകളും ജില്ലയുടെ ഫീഡര്‍ ബറ്റാലിയൻ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനും പത്താമത്തെ ഒഴിവ് സ്റ്റേറ്റ് -വൈഡ് പിഎസ്‍സി ലിസ്റ്റിൽ നിന്നുള്ള വനിത പൊലീസ് കോണ്‍സ്റ്റബിൽ നിയമനത്തിനും മാറ്റിവെയ്ക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്. ഇതിനുപുറമെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി 1200 താല്‍ക്കാലിക റിക്രൂട്ട്മെന്‍റ് ട്രെയിനി പൊലീസ് കോണ്‍സ്റ്റബിള്‍ (ആര്‍ടിപിസി) തസ്തികകള്‍ ജൂലൈ ഒന്ന് മുതൽ ഒരു വര്‍ഷം പ്രാബല്യത്തിലേക്ക് സൃഷ്ടിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും മുൻകൂട്ടി ഒഴിവുകളിലേക്ക് നിയമനം നടത്തിയതുമായിരുന്നു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസമായത്. എസ്ഐമാരുടെയും വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെയും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സമാനമായ രീതിയിൽ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരുന്നില്ല. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് ആറുമാസം പിന്നിടുമ്പോഴും ഏഴു ബറ്റാലിനുകളിലായി നിയമനത്തിനുവേണ്ടി എഴുത്തു പരീക്ഷയും കായിക പരീക്ഷയും നടത്തിയ പ്രസിദ്ധീകരിച്ച പട്ടികയിൽ 4725 ഉദ്യോഗാർത്ഥികളുണ്ട്.
കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നും പ്രതീക്ഷിത ഒഴിവുകള്‍, അതായത് ഈ വർഷമുണ്ടാകുന്ന ഒഴിവുകള്‍ കൂടി മുൻകൂട്ടി കണക്കിലെടുത്ത് നിയമനം നൽകിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. സേനയിൽ അംഗബലം കൂട്ടണമെന്ന ഡിജിപിയുടെ ശുപാർശ സർക്കാരിന് മുന്നിലുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധികാരണം ഈ ശുപാർശ ധനവകുപ്പ് തള്ളിയിരുന്നു. എസ്.ഐ തസ്തികയിലേക്കും വനിതാ ബറ്റാലിയനിലേക്കും ഇതുവരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായിരുന്നു. എസ്ഐ തസ്തികയിലേക്ക് 694 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഞ്ചുമാസമായി പട്ടിക പ്രസിദ്ധീകരിച്ച് ഒരു ഒഴിവും റിപ്പോർട്ട് ചെയ്തിട്ടില്ല. 952 പേരുടെ പട്ടികയാണ് വനിതാ ബറ്റാലയിനുള്ളത്. കഴിഞ്ഞ സിപിഒ റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ടവർ സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളോളമാണ് സമരം നടത്തിയത്. സമ്മർദ്ദത്തിലായതിനെ തുടർന്ന് പരമാവധിപേരെ ആ പട്ടികയിൽ നിന്നും ഉള്‍പ്പെടുത്തിയിരുന്നു. ആ പ്രതിസന്ധി നിലനിൽക്കേയാണ് നിയമനം നടത്താൻ ഇപ്പോള്‍ കഴിയാത്ത പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചത്.