ദില്ലി : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ എക്സ്പ്രസ് ഷാർജ വിമാനം സാങ്കേതിക കാരണങ്ങളാൽ തിരിച്ചിറക്കിയ സംഭവത്തിൽ, വിമാന കമ്പനിയിൽ നിന്നും വിമാനത്താവള അധികൃതരിൽ നിന്നും ഡിജിസിഎ പ്രാഥമിക റിപ്പോർട്ട് തേടി. വിമാനത്തിലെ സാങ്കേതിക തകരാർ എങ്ങനെയുണ്ടായെന്നാണ് ഡിജിസിഎ പരിശോധിക്കുന്നത്. മുതിർന്ന ഡിജിസിഎ ഉദ്യോസ്ഥർ സ്ഥലത്ത് എത്തും. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും വിവരങ്ങൾ തേടിയിട്ടുണ്ട്.
വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവുണ്ടായത്. പറന്നു പൊങ്ങിയതിന് പിന്നാലെ തകരാർ കണ്ടെത്തിയതോടെ വിമാനം താഴെ ഇറക്കാനുള്ള ശ്രമം തുടർന്നു. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ടര മണിക്കൂര്‍ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 8.10 നാണ് വിമാനം സേഫ് ലാന്‍ഡിംഗ് നടത്തിയത്. അടിന്തരമായി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ 20 ആംബുലന്‍സും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കുകയും വിമാനം ഇടിച്ചിറക്കേണ്ടിവന്നാൽ അടിയന്തരസാഹചര്യം നേരിടാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉടനടി ഒരുക്കി. തുടർന്ന് രാത്രി 8.10 ഓടെ വിമാനം റൺവേയിലേക്ക് സുരക്ഷിതമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞു. ഏട്ടേകാലോടെ ലാൻഡിംഗ് പൂർത്തിയാക്കിയതായി വിമാനത്താവള അധികൃരും വ്യക്തമാക്കിയതോടെ ആശങ്കയക്ക് വിരാമമായി.