തിരുവനന്തപുരം: തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിന് പിന്നിൽ സ്വർണക്കടത്തെന്ന് ഉറപ്പിച്ച് പൊലീസ്. തട്ടികൊണ്ടുപോയ ആൾ വിദേശത്ത് നിന്ന് വന്നയാൾ അല്ലെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് നിന്നും വന്നയാളിനെ കണ്ടിറങ്ങിയ ശേഷമാണ് യുവാവിനെ ഒരു സംഘം തട്ടികൊണ്ടുപോയത്. അക്രമി സംഘമെത്തിയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പൂന്തുറ ഭാഗത്ത് നിന്നാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാടകക്കെടുത്ത കാർ നിരവധി പേർ കൈമാറിയാണ് പ്രതികളിലെത്തിയത്. 5 പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഓട്ടോറിക്ഷയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയത്. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് തമിഴ്നാട് സ്വദേശി പുലർച്ചെ ഓട്ടോ വിളിക്കുന്നത്. തമിഴ് സംസാരിച്ചിരുന്ന യുവാവാണ് ഓട്ടോയിൽ കയറിയതെന്ന് ഡ്രൈവർ വൈശാഖ് പറയുന്നു. തിരുനെൽവേലി ഭാഗത്തേക്ക് ബസിൽ പോകാൻ തമ്പാനൂർ സ്റ്റാൻഡിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. യാത്രക്കാരൻ ആരാണെന്ന് ഇനിയും വ്യക്തമല്ല. വൈശാഖാണ് യുവാവിനെ തട്ടിക്കൊണ്ട് പോയ കാര്യം പൊലീസിനെ അറിയിച്ചത്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം വന്നതെന്ന് തിരിച്ചറിഞ്ഞു. വെങ്ങാനൂർ സ്വദേശിയുടെ പേരിലുള്ളതാണ് കാർ.