ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വിക്ഷേപിച്ച് ഏഴ് വര്‍ഷത്തിന് ശേഷം പിഎസ്എല്‍വി-സി37 റോക്കറിന്‍റെ മുകള്‍ ഭാഗം കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. 2017 ഫെബ്രുവരി 15ന് 104 കൃത്രിമ ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന റോക്കറ്റിന്‍റെ അവശിഷ്ടം ഇത്രയും കാലം ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു. എന്നാല്‍ ഇത് സുരക്ഷിതമായി അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യുന്നത് ഉറപ്പിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായി.
ചരിത്രത്തിലാദ്യമായി 104 സാറ്റ്‌ലൈറ്റുകളെ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ അയച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതിയ ദൗത്യമായിരുന്നു 2017 ഫെബ്രുവരി 15ലേത്. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ടൊസാറ്റ്-2ഡിയ്ക്കൊപ്പം മറ്റ് 103 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടായിരുന്നു അന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി-സി37 വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. സാറ്റ്‌ലൈറ്റുകളെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം റോക്കറ്റിന്‍റെ ഏറ്റവും മുകള്‍ ഭാഗം 470-494 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കുകയായിരുന്നു. എന്നാല്‍ ഈ ബഹിരാകാശ അവശിഷ്ടം യുഎസ് സ്പേസ് കമാന്‍ഡ് കൃത്യമായി പിന്തുടര്‍ന്നിരുന്നു. 2024 സെപ്റ്റംബര്‍ ആറിന് രാത്രി 9.19 ഓടെ പിഎസ്എല്‍വി-സി37 റോക്കറ്റിന്‍റെ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും നോര്‍ത്ത് അറ്റ്‌ലാന്‍ഡ് സമുദ്രത്തില്‍ സുരക്ഷിതമായി പതിക്കുകയും ചെയ്തു.