‘ഡബ്ലിൻ പ്രീമിയർ ലീഗ് ഫോർ വയനാട്’ എന്ന പേരിലാണ് ടൂർണമെന്റ് നടത്തുന്നത്. ഡബ്ലിനിലെ എഎല്‍എസ്എഎ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ടൂർണണെന്റിൽ വിവിധ കൗണ്ടികളിൽ നിന്നടക്കം 16 ടീമുകൾ പങ്കെടുക്കും. ടൂർണമെന്റ് സംഘടിപ്പിച്ച് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കൂടാതെ ടൂർണമെന്റിൽ വിജയികളാകുന്ന ടീമിന് ഷീല പാലസ് റെസ്റ്റോറന്റ് സ്പോൺസർ നൽകുന്ന 501 യൂറോ സമ്മാനവുമുണ്ട്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 301 യൂറോയും ടൂർണമെന്റിലെ താരങ്ങൾക്ക് മെഡലുകളും സമ്മാനിക്കും. ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിടുന്ന വേളയിൽ നാടിനെ ചേർത്ത് പിടിക്കാനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് എന്ന പേരിൽ ആരംഭിച്ച ക്രിക്കറ്റ് ടീം കഴിഞ്ഞ വർഷമാണ് സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ ടീം രജിസ്റ്റർ ചെയ്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. ബ്ലാക്ക്‌റോക്ക്, സ്റ്റില്ലോർഗൻ, സാൻഡിഫോർഡ് മേഖലയിലുള്ള നൂറു കണക്കിന് മലയാളികൾ ഇതിനോടകം ക്ലബ്ബിൽ അംഗത്വം എടുത്തു കഴിഞ്ഞു.