കമ്പനി അധികൃതർ തങ്ങളോട് മാന്യമായി പെരുമാറിയില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. പേരുവിളിച്ചല്ല ഫാക്ടറിക്കുള്ളിൽ തങ്ങളെ സൂപ്പർവൈസിംഗ് എഞ്ചിനീയർമാർ അഭിസംബോധന ചെയ്യുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഫാക്ടറിയിലെ 1800 തൊഴിലാളികളിൽ 1300-ൽ പേരും സമരമുഖത്തുണ്ട്. സ്ത്രീ തൊഴിലാളികൾ സമരത്തെ പിന്തുണച്ച് ജോലിക്ക് എത്തുന്നില്ലെന്നും സിഐടിയു പറഞ്ഞു. അനുവദിച്ച അവധി എടുക്കാൻ സാധിക്കില്ലെന്നും കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പോലും അവധി ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഒമ്പത് മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നു.
ഇതിനിടയിൽ ഉച്ചഭക്ഷണത്തിനായി 40 മിനിറ്റ് ഇടവേള തരും. എട്ട് മണിക്കൂർ ജോലിയാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. അപ്രൈസലും മോശമാണ്. ഇ കാറ്റഗറിയിൽ ഉൾപ്പെടുത്തി 1000 രൂപയൊക്കെയാണ് വർധനവ് തരുന്നതെന്നും തൊഴിലാളികൾ പറയുന്നു. സമരത്തെ തുടർന്ന് 80 ശതമാനം ഉൽപാദനത്തെയും ബാധിച്ചു. പണിമുടക്കിൻ്റെ ആദ്യ ദിവസം തന്നെ ഉൽപ്പാദനത്തിൻ്റെ 50% ഇടിഞ്ഞതായി കമ്പനി വൃത്തങ്ങൾ പ്രതികരിച്ചു. എന്നിരുന്നാലും, അവർ കരാർ തൊഴിലാളികളുമായി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഉൽപ്പാദനം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, തൊഴിലാളികളുമായി നേരിട്ട് സംസാരിക്കാനും അവർക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സാംസങ് ശ്രമിക്കുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.