ജൂലൈ 27. രാവിലെ പത്തുമണി ആയിക്കാണും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള വെള്ളിയൂരിലെ, വലിയ പറമ്പ്. ഒരു വീട്ടിൽ കുറച്ചാളുകൾ തോക്കുമായി എത്തുന്നു. ബാലാജി ഉണ്ടോന്ന് ചോദിച്ചു. വീട്ടുകാരി പുറത്തിറങ്ങി ഇല്ലെന്ന് പറഞ്ഞു. അപരിചിതർ ആയതിനാൽ, തുറന്നിട്ടിരുന്ന ഗ്രിൽ അടച്ച് വീട്ടുകാരി അകത്തേക്ക് പോകാൻ നോക്കി. ഇതിനിടിൽ രണ്ടുപേർ വീടിൻ്റെ പിറക് വശത്തേക്ക് തോക്കുമായി പോയി. മറ്റുചിലരും തോക്ക് ലോഡ് ചെയ്തു. പേടിച്ചു വിരണ്ട വീട്ടുകാരി ബഹളം വച്ചു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. വന്നവരെ വളഞ്ഞു. പാമ്പ് എന്ന് കരുതി തല്ലിക്കൊല്ലാൻ കമ്പുമായി വന്നവവർ വരെ കൂട്ടത്തിലുണ്ടായിരുന്നു. തൊട്ടപ്പുറത്തെ വീട്ടിൽ വാർപ്പ് നടക്കുന്നതിനാൽ, അവിടുത്തെ തൊഴിലാളികളും ഓടിയെത്തി. നാട്ടുകാർ വളഞ്ഞിട്ടതോടെ, തോക്കുധാരികൾ വിവരം പറഞ്ഞു. ‘ ഞങ്ങൾ തമിഴ്നാട് പൊലീസിൽ നിന്നാണ്. അമ്പതോളം കേസിൽ പ്രതിയായ, കാക്കാത്തോപ്പ് ബാലാജിയെ തേടി എത്തിയതാണ്. അയാൾ താമസിച്ച വീടിൻ്റെ ലൊക്കേഷൻ നോക്കി വന്നപ്പോൾ ഇവിടെയാണ് എത്തിയത്. വീട്ടുകാരി കള്ളം പറഞ്ഞെന്ന് കരുതിയാണ് വീട് വളഞ്ഞത്. പൊലീസുകാർ വിശദീകരിച്ചു’