തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാറിന്റെ കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച്, മാധ്യമപ്രവർത്തകനായ വി.എസ്.സനോജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘അരിക്’. എന്നാൽ പ്രവർത്തനങ്ങൾ പൂർത്തീയാക്കിയ ചിത്രം ഇതുവരെ തീയറ്ററിൽ എത്തിയിട്ടില്ല. ഇതിൽ കെ.എസ്.എഫ്.ഡി.സി സിനിമ നിർമ്മാണ പദ്ധതിയുടെ മേൽനോട്ടം വഹിച്ച മുതിർന്ന സംവിധായകൻ ഷാജി എൻ കരുണിനെതിരെ രൂക്ഷ വിമർശനമാണ് സനോജ് നടത്തുന്നത്.
തന്റെ ചിത്രം 2021 ൽ പ്രഖ്യാപിക്കുകയും. 2022 ൽ പാലക്കാട് ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് പിന്നീട് വൈകിപ്പിച്ചുവെന്ന് സനോജ് ആരോപിക്കുന്നു. ലഖ്നൗവിലെ ഷൂട്ടിലെ അനുമതി വൈകിപ്പിച്ചു. ഷാജി എൻ കരുണിന് അതിൽ പങ്കുള്ളതായി കരുതുന്നതായി സനോജ് പറഞ്ഞു. യുപിയിലെ ഷൂട്ടിലെ വലിയൊരു ചിലവ് താൻ സ്വന്തം കൈയ്യിൽ നിന്നാണ് വഹിച്ചത്. അതേ സമയം സർക്കാർ ഒന്നരക്കോടിയോളം പടം ചെയ്യാൻ തരുന്നത് ഔദാര്യമാണ് എന്ന നിലയിലാണ് ഷാജി എൻ കരുൺ പലപ്പോഴും പറയുന്നത്. ശരിക്കും അമ്മാവൻ സിൻഡ്രോം കാണിക്കും അദ്ദേഹം. ക്രിയേറ്റീവായ നിർദേശം അടക്കം സിനിമ നിർമ്മാണഘട്ടത്തിൽ 40ഓളം മെയിൽ അയച്ചിരുന്നു കെഎസ്എഫ്ഡിസിക്ക് ഒന്നിനും മറുപടി തരില്ല. പകരം ഷാജി എൻ കരുൺ ഞങ്ങളെ കുറ്റപ്പെടുത്തുന്ന മെയിൽ മാത്രം അയക്കും.
അവസാനം പല കഷ്ടപ്പാടുകൾ കഴിഞ്ഞ് പടം റിലീസാകാൻ ഡേറ്റ് തന്നത് വൻ ചിത്രങ്ങൾക്കൊപ്പമാണ്. അത് പറ്റില്ലെന്ന് അതിന്റെ കാര്യകാരണ സഹിതം അറിയിച്ചപ്പോൾ സിനിമയിൽ നിങ്ങൾക്ക് ആത്മവിശ്വാസം ഇല്ലെന്നാണ് ഷാജി എൻ കരുൺ മറുപടി നൽകിയത്. താൻ കോച്ചാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മാനസികമായും ശരീരികമായും തളർത്തുന്ന കോച്ചാണ് അയാൾ.
ഈ സർക്കാർ പദ്ധതി പ്രകാരം സിനിമ ചെയ്യാൻ വന്നല്ലോ എന്ന് ചിന്തിച്ച് പോകുന്ന തരത്തിലാണ് മുതിർന്ന സംവിധായകന്റെ ഇടപെടൽ. അവസാനം എന്റെ ചിത്രം 6 തീയറ്ററിൽ റിലീസ് ചെയ്യാം എന്നാണ് പറഞ്ഞത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ എൻഎഫ്ഡിസി ചെയ്യുന്ന ചിത്രങ്ങൾ റിലീസ് പോലും ചെയ്യാറില്ലെന്നാണ് ഷാജിയെൻ കരുൺ പറഞ്ഞത്. അത് പറ്റില്ലെന്ന് പറഞ്ഞ് സർക്കാറിൽ പരാതി നൽകിയതോടെയാണ് തൽക്കാലം റിലീസ് മാറ്റുകയായിരുന്നു.
ഇന്ത്യയ്ക്ക് മൊത്തം മാതൃകയാകേണ്ട ഒരു പദ്ധതിയെയാണ് കെഎസ്എഫ്ഡിസിയിലെ ചിലർ വളരെ മോശമായി നടപ്പിലാക്കുന്നത്. ഇത് മൂലം താൻ മാത്രമല്ല ഈ പദ്ധതിയിൽ സിനിമ ചെയ്ത എല്ലാർക്കും പരാതിയുണ്ടെന്ന് സനോജ് ഇന്ത്യടുഡേ സോ സൗത്ത് അഭിമുഖത്തിൽ പറഞ്ഞു.