മുംബൈ: ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ഹോട്ടലിൽ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് പെട്ടിയിലായിരുന്നു പെരുമ്പാമ്പ്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ പച്ചക്കറി പെട്ടിക്കുള്ളിൽ പെരുമ്പാമ്പിനെ കണ്ടത് പരിഭ്രാന്തിക്കിടയാക്കി.
ചന്ദ്രാപുരിന് സമീപമുള്ള ലോഹറയിലെ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന പച്ചക്കറി പെട്ടിയിലാണ് പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടന്നത്. ഹോട്ടലിലെ ജീവനക്കാരൻ ഉരുളക്കിഴങ്ങ് എടുക്കാൻ പോയപ്പോഴാണ് പാമ്പിനെ കണ്ടത്. പെട്ടി തുറന്നപ്പോൾ പാമ്പിനെ കണ്ടതോടെ ജീവനക്കാരൻ ഭയന്ന് പുറത്തേക്കോടി. ഉടൻ തന്നെ ഹോട്ടൽ ഉടമ പ്രദേശത്തെ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. അദ്ദേഹം എത്തി പാമ്പിനെ ഉരുളക്കിഴങ്ങ് പെട്ടിയിൽ നിന്ന് ചാക്കിലേക്ക് മാറ്റി. പിന്നീട് ലോഹറയിലെ വനത്തിൽ പെരുമ്പാമ്പിനെ തുറന്നുവിട്ടു.
ശനിയാഴ്ച ലഖ്‌നൗവിലെ ഒരു പവർ ഹൗസിന്‍റെ വേലിയിൽ കുടുങ്ങിയ നിലയിൽ മറ്റൊരു ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. പെരുമ്പാമ്പിനെ രക്ഷപ്പെടുത്താൻ അധികൃതർക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിവന്നു. വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നാണ് പാമ്പിനെ വേലിയിൽ നിന്നെടുത്തത്.