29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • രണ്ട് വമ്പൻ പദ്ധതികൾ, 100 മെഗാവാട്ട് വൈദ്യുതി കേരളത്തിന്; പള്ളിവാസൽ, തോട്ടിയാർ പദ്ധതികൾ യാഥാർത്ഥ്യമാകുന്നു
Uncategorized

രണ്ട് വമ്പൻ പദ്ധതികൾ, 100 മെഗാവാട്ട് വൈദ്യുതി കേരളത്തിന്; പള്ളിവാസൽ, തോട്ടിയാർ പദ്ധതികൾ യാഥാർത്ഥ്യമാകുന്നു


തിരുവനന്തപുരം: പള്ളിവാസൽ വിപുലീകരണ പദ്ധതിയും തോട്ടിയാർ പദ്ധതിയും യാഥാർത്ഥ്യത്തിലേക്ക്. പള്ളിവാസൽ വിപുലീകരണ ജല വൈദ്യുത പദ്ധതിയിലും തോട്ടിയാർ ജല വൈദ്യുത പദ്ധതിയിലും മെക്കാനിക്കൽ സ്പിന്നിംഗ് വിജയകരമായി പൂർത്തീകരിച്ചു. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ 30 മെഗാവാട്ട് ശേഷിയുള്ള ആദ്യ ജനറേറ്ററാണ് ബുധനാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്. ജനറേഷൻ വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിൽ ജനറേറ്റർ 300 ആർ പി എം വേഗതയിൽ ഓടിച്ച് പ്രവർത്തനം വിശദമായി നിരീക്ഷിച്ച് മെക്കാനിക്കൽ വൈബ്രേഷനുൾപ്പെടെ എല്ലാ ഘടകങ്ങളും പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ. 1940ൽ സ്ഥാപിച്ച ഈ പദ്ധതിയുടെ നിലവിലെ ശേഷി 37.5 മെഗാവാട്ടാണ്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ ജല വൈദ്യുത പദ്ധതി 2011ലാണ് ആരംഭിച്ചത്. പല കാരണങ്ങളാൽ മുടങ്ങിപ്പോയിരുന്ന പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ വീണ്ടും ഊർജ്ജിതമായത് അടുത്ത കാലത്താണ്. പ്രവർത്തനസജ്ജമാകുന്നതോടെ 153 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽ നിന്ന് പ്രതിവർഷം ലഭ്യമാവുക.

40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ പദ്ധതിയും പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. 30 മെഗാവാട്ടിന്റെ രണ്ടാമത്തെ ജനറേറ്ററിന്റെ മെക്കാനിക്കൽ സ്പിന്നിംഗ് വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി. 10 മെഗാവാട്ടിന്റെ ആദ്യ ജനറേറ്റർ ജൂലൈ 10 ന് ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്നു. രണ്ടാമത്തെ ജനറേറ്ററും വൈകാതെ ഗ്രിഡുമായി ബന്ധിപ്പിക്കാൻ കഴിയും. തോട്ടിയാർ പദ്ധതി പൂർണ്ണ തോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തിന് പ്രതിവർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാവും. ഇരു പദ്ധതികളും സെപ്റ്റംബർ പകുതിയോടെ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ 100 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കുക.

Related posts

വിദ്യാലയങ്ങൾക്ക് നാളെ അവധി; കാരണം കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; ഒമാനിൽ നിന്നും അറിയിപ്പ്

Aswathi Kottiyoor

പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

Aswathi Kottiyoor

9 മണിക്കൂറിനിടെ 28,891 ട്രാഫിക്‌ നിയമലംഘനം ; മുന്നിൽ കൊല്ലം പിന്നിൽ മലപ്പുറം.

Aswathi Kottiyoor
WordPress Image Lightbox