ജന്മാഷ്ടമി ആഘോഷത്തിലാണ് രാജ്യമുള്ളത്. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കുകയാണ്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ് നടക്കുക. ഗുരുവായൂരപ്പന് നിവേദിച്ച പാൽ പായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. 5 മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7:30 മുതൽ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതൽ കൃഷ്ണനാട്ടവും അരങ്ങേറും
മുഖ്യമന്ത്രിയുടെ ശ്രീകൃഷ്ണ ജയന്തി ആശംസയുടെ പൂർണരൂപം
ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും ആശംസകൾ.