ഇടുക്കി: ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ തോട്ടം ലയങ്ങളിൽ പ്രാണഭയത്തോടെ ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ എസ്റ്റേറ്റ് ലയങ്ങളിൽ അപകട സാധ്യതയിൽ കഴിയുന്നത്. ഏത് നിമിഷവും നിലം പൊത്താറായ ലയങ്ങളാണ് ഭൂരിഭാഗവും. ഇത് പുതുക്കിപ്പണിയാനോ പുതിയവ പണിയാനോ മാനേജ്മെന്റുകളോ സർക്കാരോ നടപടി സ്വീകരിക്കുന്നില്ല.
കഴിഞ്ഞ ദിവസം പീരുമേട് ലേബർ ഓഫീസിൽ പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ വിവിധ യൂണിയൻ – തോട്ടം മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. എന്നാൽ ചില മാനേജ്മെന്റ് ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളെ അയക്കാത്തതിനാൽ മാനേജ്മെന്റിനെ തനിച്ച് യോഗം വിളിക്കുവാൻ പ്ലാന്റേഷൻ ഇൻസ്പെക്ടർ തീരുമാനിച്ചു. ഉത്തരവാദിത്വം കാണിക്കാത്ത മാനേജ്മെന്‍റുകൾക്കെതിരെ വിവിധ യൂണിയൻ നേതാക്കളുടെ പ്രതിഷേധവും ഉയർന്നിരുന്നു. പീരുമേട് താലൂക്കില്‍ ഏകദേശം പൂട്ടിയ തോട്ടങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായി അമ്പത്തിയാറോളം തോട്ടങ്ങളാണുള്ളത്. ഇതില്‍ 1658 ലയങ്ങളും ഉള്‍പ്പെടും. പതിനായിരത്തിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ തിങ്ങി പാര്‍ക്കുന്നത്. ഇപ്പോൾ പകുതിയിലധികം ഇതര സംസ്ഥാന തൊഴിലാളികളുമാണ്. ഇക്കാരണത്താലാണ് അധികൃതര്‍ തോട്ടം തൊഴിലാളികളുടെ ദുരിതം കാണാത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.