തിരുവനന്തപുരം: ഇന്ത്യ ഒരു വന്‍ സാമ്പത്തിക ശക്തിയായി മാറുന്ന സാഹചര്യത്തില്‍ ഭാവിയെ നിര്‍വചിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളെ സംയോജിപ്പിച്ച് രാജ്യത്തിന്‍റെ ഉത്പാദക ശക്തിയാകാന്‍ കേരളം തന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്ന് വ്യവസായ-വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്. ഇന്ത്യ ലോകത്തിലെ ഒരു വന്‍ സാമ്പത്തിക ശക്തിയായി മാറണം. നമ്മുടെ രാജ്യം ആ നേട്ടത്തിലേക്കെത്തുമ്പോള്‍ കേരളം അതിന്‍റെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഭാഗമാകണം. ഇതിനായി പുതിയ പ്രവര്‍ത്തന രീതികളും പുത്തന്‍ ആശയങ്ങളും പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ നയത്തിന്‍റെ പ്രധാന അന്തസ്സത്ത ഇതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഒരു മികച്ച അവധിക്കാല ഡെസ്റ്റിനേഷനായാണ് പലപ്പോഴും അറിയപ്പെടുന്നത്. തൊഴിലും ജീവിതവും തമ്മിലുള്ള മികച്ച സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്ന ഇടമായി സംസ്ഥാനത്തെ കെട്ടിപ്പടുക്കാനാകും. പരമ്പരാഗത വ്യവസായങ്ങളും ബഹിരാകാശം, ഗ്രാഫീന്‍, നിര്‍മ്മിതബുദ്ധി തുടങ്ങി ആധുനിക- ഭാവി സാധ്യതകളുള്ള വ്യവസായങ്ങളും ഒരുമിച്ച് ഒരേ വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആ സന്തുലിതാവസ്ഥയിലേക്ക് എത്തിച്ചേരുക.
ഹൈടെക് മേഖലകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ നിരന്തരമായ പരിശ്രമം ആവശ്യമാണ്. അത് സാധ്യമാണെന്ന് കേരളം തെളിയിച്ചു. ബഹിരാകാശ ദൗത്യങ്ങളിലെ കേരളത്തിന്‍റെ ഇടപെടലുകളില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയുടെ ഭൗമാന്തര മിഷനുകളിലും ഭൗമ നിരീക്ഷണ ദൗത്യങ്ങളിലും കേരളത്തിന്‍റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കേരളത്തിലെ 25-ഓളം സ്ഥാപനങ്ങള്‍ ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. അത് ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന് സമീപം ബഹിരാകാശ പേടകം ഇറക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറി.