29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • കാൽനൂറ്റാണ്ടായി കാത്തിരിപ്പ്, ശബരി പാതയ്ക്കായി കല്ലിട്ട ഭൂമിയിൽ ദുരിതം; അന്തിമ തീരുമാനം അറിയണമെന്ന് നാട്ടുകാർ
Uncategorized

കാൽനൂറ്റാണ്ടായി കാത്തിരിപ്പ്, ശബരി പാതയ്ക്കായി കല്ലിട്ട ഭൂമിയിൽ ദുരിതം; അന്തിമ തീരുമാനം അറിയണമെന്ന് നാട്ടുകാർ


തൊടുപുഴ: അങ്കമാലി – എരുമേലി റെയിൽപ്പാതക്ക് വേണ്ടി കല്ലിട്ട് കാൽനൂറ്റാണ്ടാകുമ്പോഴും നിർദ്ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളിപ്പോഴും ദുരിതത്തിലാണ്. പദ്ധതി അനിശ്ചിതത്വത്തിലായതോടെ കല്ലിട്ട ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ നിരവധി പേരാണ് ആശങ്കയോടെ കഴിയുന്നത്. പദ്ധതി നടപ്പാക്കാൻ സങ്കീർണതകൾ ഏറെയുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രിയും കേന്ദ്ര സർക്കാരിന്റെ നിസംഗതയാണെന്ന് മുഖ്യമന്ത്രിയും വിശദീകരിക്കുമ്പോൾ അന്തിമ തീരുമാനമെന്തെന്നറിയണമെന്ന് നാട്ടുകാർ പറയുന്നു.

ഇടുക്കി ജില്ലയിലേക്ക് ട്രെയിൻ വരുമ്പോൾ തൊടുപുഴ റെയിൽവെ സ്റ്റേഷനായി മാറേണ്ട ഇടമാണ് ഉണ്ണിയുടെ വീടും പരിസരവുമൊക്ക. സർവ്വേ കഴിഞ്ഞ് കല്ലിട്ട് പോയതോടെ, നാട്ടുകാർക്കൊപ്പം പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ, പ്രതീക്ഷ ആശങ്കയ്ക്ക് വഴിമാറി. പദ്ധതി എന്നെങ്കിലും വന്നാൽ വീടും സ്ഥലവുമൊക്കെ പോകുമെന്നതിനാൽ വീടിന്‍റെ അറ്റകുറ്റപ്പണി നടത്തിയിട്ട് വ‍ർഷങ്ങളായി. ഇദ്ദേഹത്തെപ്പോലെ നിരവധി പേരുണ്ട് തൊടുപുഴയിൽ മാത്രം. സ്ഥലം വിറ്റൊഴിവാക്കാനോ ഈടുനൽകി വായ്പയെടുക്കാനോ പറ്റാത്ത സ്ഥിതി.

പാതയ്ക്കായി കല്ലിടൽ പൂർത്തിയായത് ഇടുക്കി ജില്ലയിലായിരുന്നു. എരുമേലി വരെ ഏരിയൽ സർവ്വെ കൂടി പൂർത്തിയാക്കി. എന്നാൽ പിന്നീടൊന്നും നടന്നില്ല. സ്ഥലമേറ്റെടുക്കലിനായി തൊടുപുഴയിൽ തുടങ്ങിയ ഓഫീസ് മൂന്നു വ‍ർഷം മുമ്പ് പ്രവർത്തനമവസാനിപ്പിച്ചു. ആകെ നടന്ന നിർമ്മാണം അങ്കമാലി മുതൽ കാലടി വരെ റെയിൽപാതയും ഒരു റെയിൽവെ സ്റ്റേഷനും പാലവും മാത്രം. ഒന്നുകിൽ സ്ഥലം ഏറ്റെടുത്ത് തങ്ങളെ ഒഴിവാക്കി വിടണം, അല്ലെങ്കിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മലയോര മേഖലയിലെ കാ‍ർഷിക – ടൂറിസം രംഗങ്ങൾക്ക് കൂടി ഉണ‍ർവേകുന്നതായിരുന്നു ശബരി റെയിൽ. എന്നാൽ പദ്ധതിയുടെ ഭാവി എന്തായാലും സാധാരണക്കാരുടെ ആശങ്കയ്ക്ക് പരിഹാരമാകുന്ന നടപടി സർക്കാർ എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Related posts

കനത്ത മഴ: പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

Aswathi Kottiyoor

കൊച്ചിയിൽ കഴിഞ്ഞ വര്‍ഷം അതിഥി തൊഴിലാളികള്‍ക്കെതിരെ 154 ലഹരിക്കേസുകള്‍

Aswathi Kottiyoor

‘ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരം’; തീരുമാനം പിൻവലിക്കണമെന്ന് ഐഎംഎ

Aswathi Kottiyoor
WordPress Image Lightbox