31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ക്യാമ്പുകളിലുള്ളവർക്ക് മാത്രം സഹായമെന്ന പ്രചാരണം തെറ്റ്, എല്ലാവരുടെയും പുനരധിവാസം ഉറപ്പാക്കും: മന്ത്രി കെ രാജൻ
Uncategorized

ക്യാമ്പുകളിലുള്ളവർക്ക് മാത്രം സഹായമെന്ന പ്രചാരണം തെറ്റ്, എല്ലാവരുടെയും പുനരധിവാസം ഉറപ്പാക്കും: മന്ത്രി കെ രാജൻ


കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള സത്വര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രിസഭാ ഉപസമിതി. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പഴുതടച്ച സംവിധാനമാണ് നടപ്പിലാക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുന്നതിന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എപിജെ ഹാളില്‍ ചേര്‍ന്ന ത്രിതലപഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ല. ക്യാംപുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ താമസിക്കുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധിയിലുള്ള ഒഴിഞ്ഞ വീടുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഫ്ളാറ്റുകള്‍, ഹോസ്റ്റലുകള്‍ എന്നിവ കണ്ടെത്തി എത്രയും വേഗം അറിയിക്കാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും മന്ത്രിസഭാ സമിതി നിര്‍ദ്ദേശം നല്‍കി. ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ എത്രയും വേഗം തുടങ്ങുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. താല്‍ക്കാലിക പുനരധിവാസത്തിനായി സര്‍ക്കാറിന് കീഴിലെ ഹോട്ടലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങിയവയും ഉപയോഗപ്പെടുത്തും.

വാടകയില്ലാതെ വീടുകളും ക്വാര്‍ട്ടേഴ്‌സുകളും മറ്റും പൂര്‍ണമായോ ഭാഗികമായോ വിട്ടുനല്‍കാമെന്ന വാഗ്ദാനവുമായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിശ്ചിത വാടക നിശ്ചയിച്ച് കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ചാലിയാര്‍ പുഴ കേന്ദ്രീകരിച്ച് പോലീസും നാട്ടുക്കാരും സംയുക്തമായി നടത്തുന്ന തെരച്ചില്‍ തുടരുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ദുരിതബാധിതര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ താമസം ഒരുക്കുന്നതിനും ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ പഠനം പുനരാരംഭിക്കാനുമാണ് ആളുകളെ താത്ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള അടിയന്തര പദ്ധതി നടപ്പിലാക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും പുനരധിവാസ കാര്യത്തിലും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Related posts

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

ലൈം​ഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും; അപകടനില തരണം ചെയ്തു

Aswathi Kottiyoor

അവധിക്കാല സൗജന്യ ചെസ്സ് പരിശീലനം സംഘടിപ്പിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox