മണ്ണഞ്ചേരി: വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതക്കയത്തിലായവരുടെ പുനരധിവാസത്തിനായി കൈകോർത്ത് മണ്ണഞ്ചേരിയിലെ ഏഴ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും. ‘കരളുറപ്പോടെ കൈകോർക്കാം വയനാടിനായി’ എന്ന ബാനർ പ്രദർശിപ്പിച്ചാണ് ഏഴ് ബസ്സുകളും സർവീസ് നടത്തിയത്. സർവീസിലൂടെ സമാഹരിച്ച മുഴുവൻ തുകയും പുനരധിവാസത്തിനായി കൈമാറും. ഏഴ് ബസ്സുകളിലെയും ജീവനക്കാരും കൈതാങ്ങായി ഡ്യൂട്ടി ശ്രമദാനമായി ചെയ്തു.
മണ്ണഞ്ചേരി റോഷൻ ഗ്രൂപ്പിലെ ആറ് ബസ്സുകളും അംബികേശ്വരി ബസ്സുമാണ് വയനാടിന് ഒരു കൈ സഹായം നൽകാൻ സർവീസ് നടത്തിയത്. മണ്ണഞ്ചേരി – ഇരട്ടകുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന മെഹ്റ, അംബികേശ്വരി, മണ്ണഞ്ചേരി – കഞ്ഞിപ്പാടം സർവീസ് നടത്തുന്ന ഇഷാൻ, മണ്ണഞ്ചേരി – റെയിൽവേ സ്റ്റേഷൻ സർവീസ് നടത്തുന്ന റോഷൻ, കലവൂർ – റെയിൽവേ സർവീസ് നടത്തുന്ന സുൽത്താൻ, ഡാനിഷ് എന്നീ ബസ്സുകളാണ് വയനാടിന് കൈത്താങ്ങാകാൻ വേണ്ടി കൈകോർത്തത്.
മണ്ണഞ്ചേരി സ്വകാര്യ ബസ് സ്റ്റാൻഡിൽ തിങ്കൾ രാവിലെ ആറിന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. നസീർ പൂവത്തിൽ, സി സി നിസാർ, ഷിഹാബ് കുന്നപ്പള്ളി, റഹീം പൂവത്തിൽ, ബി അൻസിൽ, ഷിബു മോൻ, മൻഷാദ്, റിയാസ്, അനിൽ, മുഹമ്മദ് ജമാൽ എന്നിവർ പങ്കെടുത്തു.