24.2 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല: കെ കൃഷ്ണന്‍കുട്ടി
Uncategorized

ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല: കെ കൃഷ്ണന്‍കുട്ടി

കല്‍പ്പറ്റ: വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നഗർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, വയനാട് ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായി കഴിയുന്നവർക്ക് അതിജീവനത്തിനായി സാംസ്കാരിക കേരളം അണിനിരക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് നമുക്ക് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമഗ്രമായ പുനരധിവാസ പ്ലാൻ തയാറാക്കി വരികയാണ്.അതിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട ചുമതലകൾ നിർണയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ മന്ത്രിസഭ ഉപസമിതി മുഴുവൻ സമയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് രാജ്യത്തിന് തന്നെ മാതൃകയാണ്. ദുരന്ത ബാധിതരെ കൗൺസിലിംഗിലൂടെ മാനസികമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. അതിജീവനത്തിൻ്റെ സന്ദേശം പകരുന്ന മികച്ച സാംസ്കാരിക പരിപാടികളിലൂടെ ദുരന്ത ബാധിതർക്കൊപ്പം നിൽക്കാൻ നിരവധി സാംസ്കാരിക സാഹിത്യ പ്രതിഭകൾ സർക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടിയും വ്യക്തമാക്കിയിരുന്നു. 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി എല്‍ പി സ്‌ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡല്‍ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. മേല്‍നോട്ട ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വയനാട്ടില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്യും. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആര്‍ ടി സിയുമായി ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ബദല്‍ സംവിധാനം ഒരുക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കൈറ്റ് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Related posts

പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, കാണാതായ യുവാവിനായി തെരച്ചിൽ

Aswathi Kottiyoor

തിരൂരങ്ങാടിയിൽ ‘മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ’, ഒന്നും നിയമാനുസൃതമല്ല, പൂട്ടിച്ച് ജില്ലാ കളക്ടർ

Aswathi Kottiyoor

വയോധികയെ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി

Aswathi Kottiyoor
WordPress Image Lightbox