23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം
Uncategorized

അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

മലപ്പുറം: നിപാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കിയത്. ഈ സർവ്വേയിൽ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോൺടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി.

പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിൽ 144 ടീമുകൾ 14500 വീടുകളിലാണ് സർവ്വേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർ ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തിൽ 95 ടീമുകൾ 13408 വീടുകളിലാണ് സന്ദർശിച്ചത്. ഇതിൽ 406 പേർ പനിയുള്ളവരായി കണ്ടെത്തി. കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിപാ രോഗം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ദിവസം തന്നെ ആരോഗ്യവകുപ്പ് രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഫീൽഡ് സർവ്വേ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. ജൂലൈ 21 മുതൽ തുടങ്ങിയ സർവ്വേ 25 വ്യാഴാഴ്ചയാണ് പൂർത്തീകരിച്ചത്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആനക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യപ്രവർത്തകരോടൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പി നഴ്സുമാർ, ആർ.ബി.എസ്.കെ നഴ്സുമാർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വെറും അഞ്ചു ദിവസം കൊണ്ട് ജില്ലയിലെ ഈ ആരോഗ്യസേന മുപ്പതിനായിരത്തോളം വരുന്ന വീടുകൾ സന്ദർശിച്ച സർവ്വേ പൂർത്തിയാക്കിയതിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. ഫീൽഡ് സർവ്വേ ദ്രുതഗതിയില്‍ പൂർത്തിയാക്കിയ ആരോഗ്യ പ്രവർത്തകരെയും ജില്ലാ ഭരണകൂടത്തെയും നിപ അവലോകനയോഗത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രത്യേകം അഭിനന്ദിച്ചു. പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ 1707 വീടുകളിൽ ഫീൽഡ് സർവ്വേ സംഘങ്ങൾ വീണ്ടും സന്ദർശനം നടത്തുകയും അവരുടെ കൂടി സർവ്വേ പൂർത്തിയാക്കുകയും ചെയ്യും.

Related posts

വിവാഹം കഴിഞ്ഞിട്ട് 2 മാസം മാത്രം, യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു: ദുരൂഹതയെന്ന് ബന്ധുക്കൾ

Aswathi Kottiyoor

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

മൂന്നാറിൽ സഞ്ചാരികളെ കാത്ത് നീലവസന്തം; പാതയോരങ്ങളിൽ മനോഹര കാഴ്ച്ചകള്‍ തീർക്കുന്ന ജക്രാന്ത പൂക്കൾ

Aswathi Kottiyoor
WordPress Image Lightbox