കൊല്ലം: കൊല്ലം മടത്തറയിൽ വർക് ഷോപ്പിൽ അറ്റകുറ്റപണിക്കായി സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തെമ്മല ഒറ്റക്കല്ല് മാഞ്ചിയം കുന്നിൽ അഭിലാഷാണ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തീയതിയാണ് മടത്തറയിലെ ജയേഷിന്റെ വർക് ഷോപ്പിൽ നിന്നും ഇരുചക്ര വാഹനം ഓട്ടോ റിക്ഷയിലെത്തിയ സംഘം കടത്തികൊണ്ട് പോയത്. സമീപത്തെ സിസിടിവിയിൽ നിന്നും പ്രതികളുടെ ദൃശ്യം പൊലീസിന് ലഭിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സുജിൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ചിതറയിൽ എസ്ഐയുടെ വീട്ടിൽ നിന്നുമാണ് ഓട്ടോയിലെത്തി സംഘം ബൈക്ക് മോഷ്ടിച്ചത്. കേസിൽ നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ് സുജിൻ നേരത്തെ പിടിയിലായിരുന്നു. കൊല്ലം ചിതറയിൽ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി 10 മണിയോടെയാണ് മോഷണം നടന്നത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജഹാംഗീറിന്‍റെ കലയപുരത്തെ വീട്ടിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. എസ്ഐ ജഹാംഗീർ തന്‍റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയിൽ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലാക്കിയത്. പിന്നാലെ ചിതറ പൊലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിൽ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തി. സ്ഥിരം വാഹന മോഷ്ടാക്കളാണ് പ്രതികളെന്നും പൊലീസ് സ്ഥിരീകരിച്ചു. രഹസ്യ നീക്കങ്ങൾക്കൊടുവിലാണ് കിളിമാനൂരിന് സമീപത്തു നിന്ന് പ്രതികളിൽ ഒരാളായ സുജിനെ പിടികൂടിയത്. മോഷ്ടിക്കുന്ന ബൈക്കുകൾ തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വിൽക്കുന്നതായിരുന്നു പ്രതികളുടെ രീതി.