ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഴയെ തുടർന്ന് ദൃശ്യപരത കുറവായതിനാൽ രാവിലെ 10:36ന് വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് സർവ്വീസ് പുനരാരംഭിച്ചു. മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകുമെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ വിമാനത്താവളത്തിലേക്ക് നേരത്തെ പുറപ്പെടാനും യാത്രക്കാരോട് നിർദേശിച്ചു.
അതിനിടെ പുണെയിൽ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ മുദ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്ഷണ ശാല മാറ്റുന്നതിനിടെയാണ് അപകടം. നദിക്കരികില്‍ തട്ടുകട നടത്തുന്നവരായിരുന്നു മൂവരും. പുണെയിലെ സ്കൂളുകൾക്ക് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടാൻ പൂനെ കളക്ടർ സുഹാസ് ദിവാസെ ഉത്തരവിട്ടു. വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഖഡക്‌വാസ്‌ല അണക്കെട്ട് പൂർണ ശേഷിയിൽ എത്തി. മുദ നദിക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.
ഡോംബിവാലിയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടിനെ തുടർന്ന് അന്ധേരി സബ്‌വേ അടച്ചു. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന ഏഴ് തടാകങ്ങളിൽ ഒന്നായ വിഹാർ തടാകം ഇന്ന് പുലർച്ചെ കരകവിഞ്ഞൊഴുകാൻ തുടങ്ങിയെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 2769 കോടി ലിറ്ററാണ് തടാകത്തിന്‍റെ ശേഷി.
ഉപമുഖ്യമന്ത്രി അജിത് പവാർ സ്ഥിതിഗതികൾ വിലയിരുത്തുകയും ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുംബൈ, താനെ, റായ്ഗഡ്, പുണെ മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് അതിതീവ്രമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.