23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • നിപ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്
Uncategorized

നിപ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്

പാലക്കാട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. പാലക്കാട് വാളയാർ അതിർത്തിയിലാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇന്ന് നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തമിഴ്നാട് അതിർത്തിയിൽ പരിശോധന നടത്തുന്നത്.

അതേ സമയം മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കൾ പറഞ്ഞെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കുട്ടി മറ്റ് ജില്ലകളിൽ യാത്ര പോയത് വളരെ മുമ്പാണ്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ച് വരുന്നുണ്ട്. അതുകൊണ്ടുതന്നെ ആരും വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടം ഉണ്ടാക്കും. കൂടുതൽ വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ഒമ്പത് പേരുടെ സാമ്പിളുകൾ പരിശോധിക്കും. സമ്പർക്ക പട്ടികയിൽ ഉള്ള നാല് പേർ തിരുവനന്തപുരത്താണുള്ളത്. അതിൽ രണ്ട് പേർ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേർ സെക്കണ്ടറി കോണ്ടാക്റ്റ് ആണ്. സമ്പർക്ക പട്ടികയിൽ ഉള്ള രണ്ട് പേർ പാലക്കാട് ജില്ലയിൽ ആണ്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 350 ആയി. ഇതിൽ ആരോഗ്യ പ്രവർത്തകർ 68 പേരാണുള്ളത്. 101 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ആണ്.

മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കും. കുട്ടിക്ക് ഒപ്പം ബസിൽ സഞ്ചരിച്ചവരെ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 144 അം​ഗ ടീം പാണ്ടിക്കാടും 80 അം​ഗ ടീം ആനക്കയത്തും വീടുകൾ കയറിയുള്ള സർവേ നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് നൽകി വരുന്നുണ്ട്. മരിച്ച കുട്ടിയുടെ സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് പ്രത്യേക കൗൺസിലിം​ഗ് നൽകും. നിപ മാപ്പിൽ ഉൾപെട്ടവർക്ക് ആശങ്ക വേണ്ട. മുൻകരുതലിന്റെ ഭാഗമായി ആണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ ദയവായി അറിയിക്കണം. 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത് എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സ്രവ പരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്ലസ് വണ്‍ അലോട്ട്‌മെന്റ് (സ്‌കൂള്‍ ട്രാന്‍സ്ഫര്‍) നടക്കുന്നതിനാല്‍ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളില്‍ അഡ്മിഷനായി വരുന്ന വിദ്യാര്‍ത്ഥികളും ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്ക് അഡ്മിഷനായി പോകുന്ന വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, എന്‍95 മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, വിദ്യാര്‍ത്ഥിക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ, അഡ്മിഷനായി പോകുന്ന സമ്പര്‍ക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികളുടെയും അനുഗമിക്കുന്ന രക്ഷിതാക്കളുടെയും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കണം, എല്ലാ സ്‌കൂള്‍ മേധാവികളും അഡ്മിഷന്‍ നേടാന്‍ വരുന്നവര്‍ സാമൂഹിക അകലം പാലിച്ച് അഡ്മിഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം, സ്‌കൂള്‍ മേധാവികള്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസന്‍ എന്നിവ സ്‌കൂളുകളില്‍ ഒരുക്കേണ്ടതുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related posts

രാഹുലിന്‍റെ ‘വയനാട്’ പിടിക്കാൻ പിണറായി ഇറങ്ങുന്നു, ആനി രാജക്കായി അരയും തലയും മുറുക്കി എല്‍ഡിഎഫ്

Aswathi Kottiyoor

സ്ത്രീയുടെ സ്വർണവും പണവും കവർന്നയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി സംസ്ഥാനം; 800 കോടി കൂടി കടമെടുക്കാന്‍ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox