മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനായി കാത്തിരിക്കുകയാണ് സ്വർണ്ണ, വജ്രാഭരണ മേഖല. ധനമന്ത്രി നിർമല സീതാരാമൻ ഈ മാസം 23 ന് ബജറ്റ് അവതരിപ്പിക്കും. ഇന്ത്യൻ നിർമ്മിത സ്വർണ്ണ, വജ്രാഭരണങ്ങൾക്കുള്ള ഡിമാൻഡ് വർധിപ്പിക്കുന്നതിന് കയറ്റുമതി നികുതി കുറയ്ക്കുമെന്ന് വ്യവസായികൾ പ്രതീക്ഷിക്കുന്നുണ്ട്. ആഗോള വിപണിയിൽ ഇന്ത്യൻ നിർമിത ആഭരണങ്ങളുടെ ഡിമാൻഡ് കൂട്ടാൻ നികുതി ഇളവ് മാത്രമാണ് വ്യാപാരികൾ മുന്നിൽ കാണുന്നത്. നികുതി നിരക്ക് 15% ൽ നിന്ന് 10% ആയി കുറയുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യൻ ആഭരണങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ നേടാനുള്ള വഴിയായി വ്യാപാരികൾ കരുതുന്നു.
ബജറ്റിൽ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ വെട്ടി കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണാഭരണ വിപണിയിലുണ്ട്. സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓൾ ഇന്ത്യ ജം&ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ഡയറക്ടർ, എസ്.അബ്ദുൽ നാസർ പറഞ്ഞു. ഇറക്കുമതി ചുങ്കം 10% കുറച്ചാൽ സ്വർണ്ണവില 45,000 രൂപയിലേക്ക് എത്തും. കള്ളക്കടത്ത് തടയാനും കഴിയും. സ്വർണത്തിന് 15 ശതമാനം ഇറക്കുമതി ചുങ്കവും, 3% ജി എസ് ടിയുമാണ് നിലവിലുള്ളത്.