28 C
Iritty, IN
August 19, 2024
  • Home
  • Uncategorized
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ശക്തിപ്രാപിച്ച് കാലവർഷക്കാറ്റ്; വ്യാപക നാശനഷ്ടം, 5 ദിവസം അതിശക്തമായ മഴ തുടരും
Uncategorized

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ശക്തിപ്രാപിച്ച് കാലവർഷക്കാറ്റ്; വ്യാപക നാശനഷ്ടം, 5 ദിവസം അതിശക്തമായ മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാല്‍ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനാല്‍ തന്നെ കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് അതിതീവ്ര മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്‍റെ ഫലമായിട്ടാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യുന്നത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മറ്റിടങ്ങളില്‍ മിതമായ, ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഇടി, മിന്നല്‍, കാറ്റ് എന്നിവയോടെയായിരിക്കും ശക്തമായ മഴയുണ്ടാകുക.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 15) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശം

കോട്ടയം വൈക്കം വെച്ചൂരിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
സംഭവത്തിന് പിന്നാലെ റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ മഴ പെയ്തപ്പോൾ ഇരുവരും വാഹനം റോഡരികിലൊതുക്കി വെയ്റ്റിംഗ് ഷെഡിൽ കയറി നിൽക്കുകയായിരുന്നു. മഴ മാറിയപ്പോൾ തിരിച്ച് വണ്ടിയിലേക്ക് കയറാൻ പോകുന്നതിനിടെയാണ് മരം വീണത്. നാട്ടുകാർ ഉടനെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

പാലക്കാട് തണ്ണീർക്കോട് സ്കൂളിന് മുകളിൽ മരം വീണു. സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂൾ തുറക്കും മുൻപാണ് മരം കടപുഴകി വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ ഓടിട്ട മേൽക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവരുകൾ വിണ്ട് കീറി. സുരക്ഷ മുൻ നിര്‍ത്തി സ്കൂളിന് അവധി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു.

Related posts

പട്ടാമ്പിയില്‍ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു,സുഹൃത്ത് ആണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അന്‍സാര്‍

Aswathi Kottiyoor

സ്കൂൾ ടൂറിൽ ഫിറ്റായി. മോശം പെരുമാറ്റം, പുറത്താക്കിയ അധ്യാപകർ വീണ്ടും സ്കൂളിൽ, പിടിച്ച് പുറത്താക്കി രക്ഷിതാക്കൾ

Aswathi Kottiyoor

മാഹി റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്കൻ മരിച്ച നിലയിൽ –

Aswathi Kottiyoor
WordPress Image Lightbox