യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രന്‍സും മുരളി ഗോപിയും ‘രാമനാഥനെ’യും ‘വേണു’വിനെയും അത്രയും ജീവസ്സുറ്റതാക്കിയിട്ടുണ്ട്.
വലിയ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ, ലളിതമായ അഖ്യാനത്തിലൂടെ കാമ്പുള്ള കഥ പറയുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലൊരു സിനിമയാണ് സാഗര്‍ ഹരിയുടെ രചനയിലും സംവിധാനത്തിലും ഇന്ദ്രന്‍സ്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനകരാജ്യം. സെക്യൂരിറ്റി ജീവനക്കാരന്‍ രാമേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന രാമനാഥനായി ഇന്ദ്രന്‍സും വേണു എന്ന, പല ബിസിനസുകള്‍ നടത്തി കടം കയറി നില്‍ക്കുന്ന ആളായി മുരളി ഗോപിയും സ്ക്രീനില്‍ എത്തുന്നു.
വര്‍ഷങ്ങളോളം സൈന്യത്തില്‍ പാചകക്കാരന്‍റെ ജോലി ചെയ്തിരുന്ന ആളാണ് രാമനാഥന്‍. പട്ടാളത്തില്‍ പണിയെടുത്തതിന്‍റെ അച്ചടക്കം ജീവിതത്തില്‍ ഉടനീളം കൊണ്ടുനടക്കുന്ന അദ്ദേഹം സെക്യൂരിറ്റി ജോലി ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന ഒന്നുമാണ്. ജ്വല്ലറിയുടെ രാത്രി പൂട്ടിയിടുന്ന ഷട്ടറിന് മുന്നില്‍ ഒരു രാജ്യാതിര്‍ത്തി കാക്കുന്ന അഭിമാനത്തോടെയാണ് താന്‍ നില്‍ക്കുന്നതെന്ന് അയാള്‍ പറയുന്നുമുണ്ട്. അങ്ങനെയിരിക്കെ ഈ ജോലിക്കിടെ ആദ്യമായി അയാള്‍ ഒരു സാഹചര്യത്തെ നേരിടുകയാണ്. അയാളുടെ ജീവിതത്തിന്‍റെ നൈരന്തര്യത്തെ മുറിക്കുന്ന ആ സംഭവത്തിന് പിന്നിലെ കാരണക്കാരെ അന്വേഷിച്ച് രാമേട്ടന്‍ നടത്തുന്ന അന്വേഷണമാണ് കനകരാജ്യം.