മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൂർണബജറ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന ആകാംക്ഷയിലാണ് നികുതിദായകർ. നികുതിയിൽ പുതിയ കിഴിവുകൾ അവതരിപ്പിക്കുമോ അതോ ആദായ നികുതി വ്യവസ്ഥ പരിഷ്‌ക്കരിക്കുമോ എന്നെല്ലാം അറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം. പുതിയ ബജറ്റ് ഈ മാസം മൂന്നാമത്തെ വാരം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്നാണ് സൂചന. ബജറ്റിൽ നികുതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചില സാധ്യതകളും അവയുടെ പ്രത്യാഘാതങ്ങളും പരിശോധിക്കാം.
നികുതി ഘടന ലളിതമാക്കുന്നതിനും നികുതി ദായകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനോ ഉള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
80 സി ഇളവ് : സെക്ഷൻ 80 സി പ്രകാരം നിലവിലെ ₹1.5 ലക്ഷം എന്ന പരിധി വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നു, ഇത് വർദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. പണപ്പെരുപ്പ നിരക്ക് ഉയരുന്നുണ്ടെങ്കിലും 2014 മുതൽ സെക്ഷൻ 80 സി പരിധി മാറ്റമില്ലാതെ തുടരുകയാണ്.
ഭവനവായ്പകളുടെ പലിശ: വകുപ്പ് 24 ബി പ്രകാരം 2 ലക്ഷം രൂപ വരെയുള്ള പലിശ തുകയ്ക്ക് കിഴിവുകൾ ക്ലെയിം ചെയ്യാൻ അനുവാദമുണ്ട്. പലിശ 2 ലക്ഷം രൂപയിൽ കുറവാണെങ്കിൽ, മുഴുവൻ തുകയും ക്ലെയിം ചെയ്യാം. ഇത് 3 ലക്ഷം ആക്കി ഉയർത്തുമെന്നാണ് മറ്റൊരു വിലയിരുത്തൽ