29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു; ദാരുണ സംഭവം ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിൽ
Uncategorized

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു; ദാരുണ സംഭവം ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിൽ

സൂറത്ത്: മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയിൽ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ഏഴ് വയസ്സ് പ്രായമുള്ള ഹർഷ് തിവാരി, റിധി തിവാരി എന്നീ ഇരട്ടക്കുട്ടികളും ഒമ്പത് വയസ്സുള്ള ആരുഷി സോളങ്കിയുമാണ് മരിച്ചതെന്ന് ദുംഗ്ര പൊലീസ് ഇൻസ്പെക്ടർ എസ് പി ഗോഹിൽ പറഞ്ഞു. അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണാണ് കുട്ടികളുടെ മരണം സംഭവിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. കുഴിയിലെ ചെളിയിൽ പുതഞ്ഞതാവാം മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

തെക്കൻ ഗുജറാത്തിലെ സൂറത്ത്, വൽസാദ്, നവസാരി, ബറൂച്ച്, താപി ജില്ലകളിൽ ശനിയാഴ്ച രാത്രി മുതൽ ശക്തമായ മഴ പെയ്യുകയാണ്. സൂറത്തിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് 42 കാരൻ ഹനീഫ് ഷെയ്ഖ് മരിച്ചു. സൂറത്തിലെ ഉൻ മേഖലയിൽ ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകർന്നു. മഴയെ തുടർന്ന് ബർദോളിയിലെ ഡിഎം നഗർ സൊസൈറ്റി വെള്ളത്തിൽ മുങ്ങി. പല വീടുകളിലും വെള്ളം കയറി. ബറൂച്ച് നഗരത്തിലും പലയിടത്തും വെള്ളക്കെട്ടുണ്ടായി. മക്തംപൂർ മേഖലയിൽ ഗായത്രി ഫ്ലാറ്റിന്‍റെ ബാൽക്കണി തകർന്നു.

കനത്ത മഴയ്ക്ക് പിന്നാലെ അഹമ്മദാബാദിലെ ഷേലയില്‍ നടുറോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഗാന്ധിനഗറില്‍ റോഡ് തകര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related posts

പണമില്ല, ലൈഫ് പദ്ധതി പ്രതിസന്ധിയിൽ; നൽകാൻ ഫണ്ടില്ല, വീട് നിർമാണവും പാതി വഴിയിൽ

Aswathi Kottiyoor

വടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ, കരമാർഗ്ഗവും ആക്രമണം തുടങ്ങി

Aswathi Kottiyoor

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

Aswathi Kottiyoor
WordPress Image Lightbox