തിരുവനന്തപുരം: തിരുവനന്തപുരത്ത് 25 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതികൾക്ക് ഇരുപത് വർഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും. നെയ്യാറ്റിൻകര പെരുമ്പഴുതൂര്‍ സ്വദേശി ശിവകുമാര്‍(35), നെയ്യാറ്റിൻകര അതിയന്നൂര്‍ സ്വദേശി മനോജ് കുമാര്‍(43) എന്നിവരെയാണ് കഞ്ചാവ് കൈവശം വച്ചതിന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജി. രാജേഷ് ശിക്ഷ വിധിച്ചത്.
2021 ഡിസംബർ ഒന്നാം തീയതിയാണ് പ്രതികൾ കഞ്ചാവുമായി തിരുവനന്തപുരം സ്‌പെഷ്യൽ സ്‌ക്വാഡിന്‍റെ പിടിയിലാകുന്നത്. തിരുവനന്തപുരം നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന അനികുമാറിന്‍റെ നേതൃത്വത്തിലുള്ള എക്സൈസം സംഘമാണ് പ്രതി മനോജ് കുമാറിന്റെ വീട്ടിൽ നിന്നും 22.5 കിലോഗ്രാം കഞ്ചാവും, സ്കോര്‍പിയോ കാറില്‍ നിന്നും 2.5 കിലോഗ്രാം കഞ്ചാവും പിടികൂടിയത്. തലസ്ഥാനത്ത് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതായരുന്നു കഞ്ചാവ്.
2021ൽ തിരുവനന്തപുരം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറായിരുന്ന നിലവിൽ ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുമായ വിനോദ് കുമാർ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് എന്‍.സി പ്രിയന്‍ ഹാജരായി. രണ്ടര വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് ഇരുപത് വർഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കുന്നില്ലെങ്കിൽ മൂന്ന് മാസം അധിക തടവുമാണ് ശിക്ഷ.