കൊച്ചി: മാടവനയിൽ ഒരാളുടെ മരണത്തിനും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കാനും കാരണമായ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. അപകടമുണ്ടാക്കിയ ‘കല്ലട’ ബസ് ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും. അമിത വേഗത്തിൽ നിറയെ യാത്രക്കാരുമായി വന്ന ബസ്, സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് മറിയാൻ കാരണം. സിഗ്നൽ ജംങ്ഷനിൽ മറുവശത്തേക്ക് പോകാൻ ബൈക്കിൽ കാത്തു നിന്നിരുന്ന ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്‍റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു.
അപകടത്തിൽപ്പെട്ട കല്ലട ബസ് ഇന്നലെ പരിശോധിച്ച എംവിഡി ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളായിരുന്നു. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ. മനോജ് വ്യക്തമാക്കി. കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.