തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടു പേർ പിടിയിൽ. നാട്ടിക എസ്എൻ കോളേജിനു സമീപത്തു വച്ചാണ് ബിരുദ വിദ്യാർത്ഥിയായ എഡ്വിൻ എന്ന യുവാവ് 10 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എടമുട്ടം പാലപ്പെട്ടി സ്വദേശിയായ ശ്രീഹർഷ് എന്ന യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന 3 മില്ലിഗ്രാം ഹാഷിഷ് ഓയിലും, ഇയാളുടെ സ്കൂട്ടറിൽ നിന്നും 50 ഗ്രാം കഞ്ചാവും, ശ്രീഹർഷിന്റെ വീട്ടിൽ നിന്നും 2.2 കിലോഗ്രാം കഞ്ചാവും എക്സൈസ് കസ്റ്റഡിയിലെടുത്തു. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി ജി സുനിൽ കുമാറും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിഒ ഹരിദാസ്, സുധീരൻ, സിഇഒ നിഖിൽ, ഡ്രൈവർ രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം, കുമരകത്ത് നാല് കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. വേളൂർ സ്വദേശി സലാഹുദ്ദീൻ (29 വയസ്സ്), ഉളികുത്താം പാടം സ്വദേശി ഷാനവാസ് (18 വയസ് ) എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച ശേഷം പൊലീസിന്‍റെയോ എക്സൈസിന്‍റെയോ ശ്രദ്ധയിൽപ്പെടാതിരിക്കുവാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ചായിരുന്നു കഞ്ചാവ് വിൽപ്പന.
റിസോർട്ടിൽ നിന്ന് ബാഗിൽ കഞ്ചാവുമായി ബാങ്ക് പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്. സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പിയുടെ നേതൃത്വത്തിൽ എക്സൈസ് ഇന്‍റലിജൻസ് ടീമും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്.