പത്തനംതിട്ട: ടച്ചിങ്സ് എടുത്തതിന്റെ പേരിലുള്ള തർക്കത്തിനൊടുവിൽ ബാറിന് മുന്നിൽ കൂട്ടയടി. പത്തനംതിട്ട കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിന് മുന്നിലായിരുന്നു അടി. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ ഒരാളുടെ തലപൊട്ടി.
മൂന്നുപേർ വീതമുള്ള രണ്ട് സംഘങ്ങൾ ഈ ബാറിൽ മദ്യപിക്കാനെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇടയ്ക്ക് ഒരാൾ ടേബിൾ മാറി ടച്ചിങ്സ് എടുത്തു. ഇതോടെ സംഘങ്ങൾ തമ്മിൽ വാക്കേറ്റമായി. പിന്നാലെ ജീവനക്കാർ ഇടപെട്ട് രണ്ട് സംഘത്തിലെയും ആളുകളെ ബാറിൽ നിന്ന് ഇറക്കിവിട്ടു. പുറത്തിറങ്ങിയതോടെ ഇവർ അടി തുടങ്ങി. അതും പൊരിഞ്ഞ അടി. സംഘത്തിലുണ്ടായിരുന്ന ഷൈജു, അരുൺ, ശ്യാം എന്നിവരെ നിലത്തിട്ട് ഹെൽമറ്റുകൊണ്ട് അടിച്ചു ചതച്ചു.
ഒടുവിൽ കാഴ്ചക്കാർ ഇടപെട്ട്, അടിക്കുന്ന മൂന്നംഗ സംഘത്തെ സ്ഥലത്തു നിന്ന് വിരട്ടി വിട്ടു. അടികൊണ്ടു വീണവരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. അടികൊണ്ട മൂന്നാമൻ ശ്യാം സ്ഥലത്തുനിന്നു രക്ഷപെടുകയും ചെയ്തു. അടികൊണ്ട് ആശുപത്രിയിൽ എത്തിയവർ അവിടെ ഡോക്ടർമാരെയും പോലീസുകാരെയും തെറി വിളിച്ചു. ഇതോടെ പോലീസ് മൊഴി എടുക്കാതെ മടങ്ങി. നന്നുവക്കാട് സ്വദേശികളായ സിജു വി ജോസ്, ഷിബു, മലയാലപ്പുഴ താഴം സ്വദേശി അഭിലാഷ് എന്നിവരാണ് ആക്രമണത്തിലെ പ്രതികൾ. ഇവരിൽ രണ്ടുപേർ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്.