27.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • രേണുക സ്വാമിയുടെ ശരീരത്തിൽ 15 ​ഗുരുതര മുറിവുകൾ, നേരിട്ടത് ക്രൂരപീഡനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Uncategorized

രേണുക സ്വാമിയുടെ ശരീരത്തിൽ 15 ​ഗുരുതര മുറിവുകൾ, നേരിട്ടത് ക്രൂരപീഡനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ബെം​ഗളൂരു: കന്നഡ നടൻ ദർശൻ പ്രതിയായ രേണുക സ്വാമി കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർശനും സംഘവും മർദ്ദിച്ച് കൊലപ്പെടുത്തിയ രേണുകാ സ്വാമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രേണുകാ സ്വാമിയുടെ ദേഹത്താകെയുള്ള ​ഗുരുതരമായ 15 മുറിവുകൾ വെളിപ്പെടുത്തുന്നത് ഇയാൾ ക്രൂരപീഡനത്തിന് ഇരയായി എന്നുള്ളതാണ്.

രേണുകാസ്വാമിയുടെ തല ഷെഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. അക്രമിസംഘത്തിലുള്ളവർ തന്നെയാണ് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. രേണുകാസ്വാമിയെ ഇലക്ട്രിക് ഷോക്ക് ഏൽപിക്കുകയും വാട്ടർ ഹീറ്ററിന്‍റെ കോയിൽ ചൂടാക്കി ദേഹത്ത് വച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിസംഘത്തിൽ നിന്ന് 10 മൊബൈൽ ഫോണുകളും 30 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കുറ്റമേൽക്കാൻ ദർശൻ കൊടുത്തതാണ് 30 ലക്ഷമെന്ന് അക്രമിസംഘം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ദർശനെയും പവിത്രയെയും പ്രകോപിപ്പിച്ചത് ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏതാനും നാളുകൾക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയിൽ രേണുക സ്വാമി കമന്റും ചെയ്തു. കൂടാതെ ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇതാണ് രേണുക സ്വാമിക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.

ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. കഴിഞ്ഞ വർഷം ആയിരുന്നു വിവാഹം. ഭാര്യ അഞ്ച് മാസം ഗർഭിണിയാണ്. ജൂൺ 8ന് ഉച്ചയ്ക്ക് ശേഷം രേണുക സ്വാമി, അമ്മയെ വിളിച്ച് ചില സുഹൃത്തുക്കൾക്ക് ഒപ്പം ആണെന്നും ജോലിക്ക് പോയില്ലെന്നും പറഞ്ഞിരുന്നു. അതിന് ശേഷം രേണുക സ്വാമിയുടെ ഫോൺ സ്വിച്ച് ഓഫായി.
രേണുക സ്വാമിയെ ദർശന്റെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് വന്നത് ആർ ആർ നഗറിലെ ഒരു ഷെഡിലേക്ക്. ഏക്കറുകൾ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസ്സുകാരന്റെയാണ്. ഇയാളുടെ മരുമകൻ ആണ് കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികൾ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്പാണിത്. ഇവിടേക്ക് 8ന് രാത്രിയോടെ രേണുക സ്വാമിയെ കൊണ്ട് വന്നു എന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. ഇവിടേക്ക് പിന്നീട് ദർശനും വന്നു. എല്ലാവരും ചേർന്ന് ഇയാളെ മർദ്ദിച്ചു. ഇതിൽ രേണുക സ്വാമി കൊല്ലപ്പെടുക ആയിരുന്നു. മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഒക്കെ ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.

Related posts

വടക്കൻ ഗാസയിൽ നിന്ന് 4ലക്ഷം പേർ പാലായനം ചെയ്തു; ചൈനീസ് നീക്കം നിരീക്ഷിച്ച് ഇന്ത്യ, റാഫാ ഗേറ്റ് ഇന്ന് തുറക്കും

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സി ഓണം അലവൻസ്: യൂണിയൻ -മാനേജ്മെന്‍റ് ചർച്ച ഇന്ന്

Aswathi Kottiyoor

കൗമാര മേളയ്ക്ക് ഇന്ന് സമാപനം; സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, മുഖ്യാതിഥിയായി മമ്മൂട്ടി

Aswathi Kottiyoor
WordPress Image Lightbox