27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തേനൂറും മുന്തിരി തേടി തേനിയിൽ പോകണ്ട, മനസു വെച്ചാൽ മുന്തിരി ഹൈറേഞ്ചിലും വിളയും, ഇത് ‘കുഞ്ഞുമോൻ’ മോഡൽ
Uncategorized

തേനൂറും മുന്തിരി തേടി തേനിയിൽ പോകണ്ട, മനസു വെച്ചാൽ മുന്തിരി ഹൈറേഞ്ചിലും വിളയും, ഇത് ‘കുഞ്ഞുമോൻ’ മോഡൽ


ഇടുക്കി: തമിഴ്നാട്ടിലെ മുന്തിരിപ്പാടങ്ങളിൽ മാത്രമല്ല, ഹൈറേഞ്ചിലെ വീട്ടുമുറ്റത്തും മുന്തിരിയും മുന്തിരി കുലകളും കായ്ക്കും. ഉപ്പുതറ വളകോട് കോത പാറ പുലിക്കുഴിയിൽ കുഞ്ഞുമോൻ്റെ വീടിന് മുന്നിലാണ് മുന്തിരി ചെടി പടർന്ന് കുലകളായി മുന്തിരികൾ പഴുത്തും വിളഞ്ഞും കിടക്കുന്നത്. ഇടുക്കി ജില്ലയുടെ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലെ കമ്പം, തേനി മേഖലകളിൽ കണ്ണെത്താ ദൂരത്തോളം മുന്തിരി പാടങ്ങൾ പടർന്നു കിടക്കാറുണ്ടെങ്കിലും ഇടുക്കിയിൽ ഇവ പച്ച പിടിക്കാറില്ലായിരുന്നു. എന്നാൽ ഇത്തരം മുൻധാരണകളെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ് കുഞ്ഞുമോൻ എന്ന മധ്യവയസ്കനായ കർഷകൻ. വീടിൻ്റെ മുറ്റത്ത് റോഡിനോട് ചേർന്നുള്ള പുരയിടത്തിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന മുന്തിരിവള്ളികളിലായി നൂറിലേറെ മുന്തിരി കുലകളാണ് കായ്ച്ച് കിടക്കുന്നത്. പഴുത്തതും പകുതി പാകമായതുമൊക്കെയായി കിടക്കുന്ന ഇവയിൽ പകുതിയിലേറെ വീട്ടുകാർ ഇതിനോടകം വിളവെടുത്തു കഴിഞ്ഞു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ നട്ട മുന്തിരി ചെടി അപ്രതീക്ഷിതമായി വിളവ് തന്ന സന്തോഷത്തിലാണ് കുഞ്ഞുമോനും കുടുംബാംഗങ്ങളുമുള്ളത്.

തുക്കുപാലത്തുള്ള മകളുടെ വീട്ടിൽ പോയപ്പോൾ അയൽവാസി തന്ന ഒരു മുന്തിരി തണ്ട് മരുമകൻ കുഞ്ഞുമോന് നൽകി. ഇത് വീട്ടിൽ കൊണ്ട് വന്ന് മകൻ സാജുവിനെ നടാൻ ഏൽപ്പിക്കുകയായിരുന്നു. ആദ്യ വർഷം മുന്തിരി വളർന്നുവെങ്കിലും പേരിന് കുറച്ചു മുന്തിരികൾ മാത്രമാണ് ഉണ്ടായത്. പിന്നീട് ഒരിക്കൽ അയൽവാസികളായ ദമ്പതികളാണ് ഇവയുടെ നല്ല വളർച്ചയ്ക്കായി സെപ്തംബർ മാസത്തിൽ തളിരിലകൾ നുള്ളി കളയണമെന്നു പറഞ്ഞു. ഇതനുസരിച്ച് തളിരിലകൾ നുള്ളി കളഞ്ഞ് ചെടി ഒരുക്കിയപ്പോഴാണ് മുന്തിരിയിൽ വ്യാപകമായി ഫലങ്ങൾ ഉണ്ടാകുകയും ചെടി നന്നായി പടരുകയും ചെയ്തത്. ഇപ്പോൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മുന്തിരി ചെടികൾ പടർന്നു പന്തലിച്ചു കിടക്കുകയാണ്. അവയ്ക്കിടയിൽ ആരെയും കൊതിക്കും വിധം പഴുത്തും പച്ചയുമായ നിരവധിയായ മുന്തിരി കുലകളും.

Related posts

തൃശ്ശൂരിൽ പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor

ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

Aswathi Kottiyoor

പതിവില്ലാത്ത കാഴ്ച, ആദ്യം അമ്പരന്നു !, പള്ളിത്തുറയിൽ വലയിൽ കുരുങ്ങി തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox