27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • 60 മണിക്കൂർ‌ കടലിനടിയിൽ ജീവനോടെ പിടിച്ചുനിന്നു, 11 -ൽ 10 പേരും മരിച്ചു, പാചകക്കാരനായ ഓകെനെ ജീവനോടെ കരയിലേക്ക്
Uncategorized

60 മണിക്കൂർ‌ കടലിനടിയിൽ ജീവനോടെ പിടിച്ചുനിന്നു, 11 -ൽ 10 പേരും മരിച്ചു, പാചകക്കാരനായ ഓകെനെ ജീവനോടെ കരയിലേക്ക്

അതിശയകരമായ അതിജീവനത്തിന്റെ പല കഥകളും നമ്മൾ കേട്ടിട്ടുണ്ടാവും, കണ്ടിട്ടുണ്ടാവും. ‘ദാ, മരണമിങ്ങെത്തി, എല്ലാം ഇവിടെ അവസാനിക്കാൻ പോകുന്നു’ എന്ന് തോന്നുന്ന ഘട്ടത്തിൽ ജീവിതത്തെ എത്തിപ്പിടിച്ച മനുഷ്യരുടെ അവിശ്വസനീയമായ കഥകൾ. അതുപോലെ ഒരു കഥയാണിതും, കഥയല്ല അനുഭവം.

ഈ സംഭവം നടന്നത് 2013 -ലാണ്. കൃത്യമായി പറഞ്ഞാൽ 2013 മെയ് 26 -ന്. ജാക്സൺ -4 എന്നൊരു കപ്പൽ. ശക്തമായ തിരമാലയിൽ പെട്ട് ആദ്യം ആ കപ്പലൊന്ന് ആടിയുലഞ്ഞു. കാറ്റിന്റെ ശക്തിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അത് കടലിനടിയിലേക്ക് മുങ്ങിത്താണു. ആ കപ്പലിലെ പാചകക്കാരനായിരുന്നു ഓകെനെ എന്ന യുവാവ്. അന്ന് അയാൾക്ക് പ്രായം 29 വയസ്.

കപ്പലടക്കം തങ്ങൾ കടലിനടിയിലേക്ക് പോവുകയാണ് എന്ന് മനസിലായ ഓകെനെ ആദ്യം ചിന്തിച്ചത് അതിജീവനത്തെ കുറിച്ചായിരുന്നു. കടലിൽ പോയി പരിചയമുണ്ടായിരുന്നതിനാൽ തന്നെ സമുദ്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഓകെനെയ്ക്ക് എളുപ്പം മനസിലാകുമായിരുന്നു.

അന്നത്തെ ദിവസത്തെ കുറിച്ച് ആ യുവാവ് പറയുന്നതിങ്ങനെ, ‘കുറേയേറെ വർഷങ്ങളായി ഞങ്ങൾ കടലിൽ പോകുന്നതാണ്. നമുക്ക് ജലത്തെ കുറിച്ച് അറിയാമായിരുന്നു. പക്ഷേ, അതിന് മുമ്പൊരിക്കലും ഇത്തരം ഒരനുഭവം നമുക്കുണ്ടായിരുന്നില്ല. കപ്പൽ മുങ്ങിത്താണു. ജീവൻ‌ നിലനിർത്താനായി ഞാൻ പോരാടുകയായിരുന്നു. എയർപോക്കറ്റ് വച്ച് എത്രനേരം ജീവനോടെയിരിക്കാനാവുമെന്ന് എനിക്ക് യാതൊരു പിടിയുമുണ്ടായിരുന്നില്ല.’

ഞാനെന്റെ കുടുംബത്തെ കുറിച്ച് ചിന്തിച്ചു, എൻ‌റെ ഭാര്യയെ കുറിച്ച് ചിന്തിച്ചു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾ എങ്ങനെ അതിജീവിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. എന്റെ ജീവിതത്തെ കുറിച്ചും ഞാൻ ആലോചിക്കാതിരുന്നില്ല’.

പക്ഷേ, 60 മണിക്കൂർ ഒകെനെ വെള്ളത്തിനടിയിൽ കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പിടിച്ചിരുന്നു. കുടുങ്ങിപ്പോകുന്നതിന് മുമ്പ് കുറച്ച് ഭക്ഷണവും കോളയും ഓകെനെ ശേഖരിച്ച് വച്ചിരുന്നു. കടലിനടിയിൽ കഴിഞ്ഞ മൂന്ന് ദിവസവും ക്രേഫിഷ് അയാളെ കടിച്ചു കൊണ്ടേയിരുന്നു. അപ്പോഴൊന്നും ഓകെനെ പ്രതീക്ഷ കൈവിട്ടില്ല. കരയിലേക്ക് തിരികെ ചെല്ലാനാവുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു, ആ​ഗ്രഹിച്ചിരുന്നു.

‘പരിഭ്രമിക്കുമ്പോൾ നമ്മൾ കൂടുതൽ ഓക്സിജനെടുക്കാൻ തുടങ്ങും. പേടി വരുമ്പോൾ സ്വാഭാവികമായും നമ്മൾ പരിഭ്രമിക്കാനും തുടങ്ങും. ഞാനാദ്യം ശ്രമിച്ചത് എന്റെ പേടിയില്ലാതെയാക്കാനാണ്’ എന്നാണ് ഓകെനെ ​ഗാർഡിയനോട് അന്ന് പറഞ്ഞത്.

അന്ന് കപ്പലിലുണ്ടായിരുന്ന 11 പേരിൽ 10 പേരെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒടുവിൽ രക്ഷാദൗത്യത്തിനെത്തിയ ഡൈവർമാരുടെ സംഘം മൂന്നു ദിവസത്തിന് ശേഷം ഓകെനെയെ ജീവനോടെ കണ്ടെത്തി. ‘അതാ അവിടെയൊരാൾ, അയാൾക്ക് ജീവനുണ്ട്, അയാൾക്ക് ജീവനുണ്ട്’ എന്നാണ് അതിലൊരാൾ വിളിച്ചു കൂവിയത്. ഓകെനെ ആ നേരമായപ്പോഴേക്കും വിറച്ചു തുടങ്ങിയിരുന്നു. കണ്ണുകൾ പയ്യെ അടഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ, അയാളൊടുവിൽ ജീവനോടെ കരയിലെത്തി.

പിന്നീട്, ഇത്രയേറെ ഭയാനകമായ അനുഭവം കടലിൽ നിന്നുമുണ്ടായിട്ടും, 2015 -ൽ അദ്ദേഹം ഒരു ഡൈവറായി മാറി. ‘എൻ്റെ ജീവിതത്തിൽ ഒരുപാട് ഭയങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്, ഒരിക്കൽ കൂടി അത് നേരിടാൻ ഞാൻ തീരുമാനിച്ചു’ എന്നാണ് ആ തീരുമാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ ഒരു ഡൈവറാണ് ഓകെനെ. ഓകെനെയുടെ അതിശയകരമായ അതിജീവനത്തിന്റെ കഥ അത്ഭുതത്തോടെയാണ് ആളുകൾ കേൾക്കാറ്.

Related posts

വന്യജീവി ആക്രമണം തടയൽ; മുന്നറിയിപ്പ് നൽകാൻ വാട്‌സാപ്‌ ഗ്രൂപ്പുകൾ

Aswathi Kottiyoor

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox