ദില്ലി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി മുന്നണിയായ ‘എന്‍ഡിഎ’യെ വിറപ്പിച്ച ‘ഇന്ത്യാ മുന്നണി’യുടെ പതാകവാഹകര്‍ കോണ്‍ഗ്രസ് ആയിരുന്നു. ഇന്ത്യാ മുന്നണി 232 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ഇവയിലെ 99 എണ്ണത്തില്‍ വിജയിച്ചു. സഖ്യകക്ഷികളെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ് പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന്‍റെ സൂചന കാട്ടിയപ്പോഴും പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ഥിയെ പോലും വിജയിപ്പിക്കാനാവാതെ പോയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. മത്സരിച്ചിട്ടും 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് ഒരു നിയുക്ത എംപി പോലുമില്ല.
ചരിത്രത്തിലാദ്യമായി 400ല്‍ കുറഞ്ഞ സീറ്റുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിച്ച പൊതു തെരഞ്ഞെടുപ്പായിരുന്നു ലോക്‌സഭ ഇലക്ഷന്‍ 2024. 328 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുള്ളൂ. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 421 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. എന്‍ഡിഎയെ നേരിടാന്‍ ശക്തമായ പ്രതിപക്ഷ മുന്നണിക്കേ സാധിക്കൂ എന്ന് മനസിലാക്കിയ കോണ്‍ഗ്രസ് സീറ്റുകളില്‍ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറായി. പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളില്‍ പ്രാധാന്യം നല്‍കിയാണ് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.