24 C
Iritty, IN
June 17, 2024
  • Home
  • Uncategorized
  • “ശ്രദ്ധിക്കൂ, നിങ്ങളെ കണ്ട് കുഞ്ഞുങ്ങൾ ഡ്രൈവിംഗ് പഠിക്കുന്നുണ്ട്..” ഡ്രൈവർമാർക്ക് എംവിഡി മുന്നറിയിപ്പ്..
Uncategorized

“ശ്രദ്ധിക്കൂ, നിങ്ങളെ കണ്ട് കുഞ്ഞുങ്ങൾ ഡ്രൈവിംഗ് പഠിക്കുന്നുണ്ട്..” ഡ്രൈവർമാർക്ക് എംവിഡി മുന്നറിയിപ്പ്..

സoസ്ഥാനത്ത് പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. സ്‍കൂളുകൾ ഇന്ന് തുറന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് സ്‍കൂൾ വാഹനങ്ങളെപ്പറ്റി മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ. അദ്ധ്യാപകർ, സ്‍കൂൾ അധികൃതർ, രക്ഷകർത്താക്കൾ, ബസ് ഡ്രൈവർമാർ, കുട്ടികൾ ഒക്കെ തീർച്ചയായും കണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാവേലിക്കര സബ് ആർടി ഓഫീസ് തയ്യാറാക്കിയ ഈ വീഡിയോയിൽ വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുമ്പിലും പുറകിലും വശങ്ങളിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം എന്ന് എംവിഡി പറയുന്നു. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിൽ ഓൺ സ്‌കൂൾ ഡ്യൂട്ടി എന്ന ബോർഡ് വയ്ക്കണം. സ്‌കൂൾ പരിസരങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമാണ് സ്‍കൂൾ വാഹനങ്ങളുടെ പരമാവധി വേഗത. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം. ഈ ജിപിഎസ് എംവിഡിയുടെ സുരക്ഷാമിത്രയുമായി ടാഗ് ചെയ്യണം. രക്ഷകർത്താക്കൾക്ക് വിദ്യാവാഹൻ ആപ്പിലേക്കുള്ള അനുമതി സ്‍കൂൾ അധികൃതർ നൽകണം.

സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം. സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുന്നവർക്ക് മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്ന് ഉറപ്പാക്കണം. വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.

ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് റെയിലുകളും ഉണ്ടായിരിക്കണം. ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂൾ വാഹനത്തിലും നിർബന്ധമായും സൂക്ഷിക്കണം. വേദനസംഹാരികൾ, ഡെറ്റോൾ തുടങ്ങിയവ ഫസ്റ്റ് എയ്‍ഡ് ബോക്സിൽ ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് ഫയർ എക്സ്റ്റിൻഗ്യുഷർ ഘടിപ്പിച്ചിരിക്കണം. ഡോർ ലോക്കുകളും വിൻഡോ ലോക്കുകളും പ്രവർത്തനക്ഷമമാണോയെന്ന് ഇടയ്‍ക്കിടെ പരിശോധിക്കമെന്നും എമർജൻസി എക്സിറ്റ് ഉണ്ടായിരിക്കണമെന്നും എംവിഡി പറയുന്നു. സ്‌കൂൾ വാഹനത്തിലെ ഡ്രൈവിംഗ് രീതികൾ കുട്ടികൾ സൂക്ഷ്‍മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇതവരെ സ്വാധീനിക്കുമെന്നും ഡ്രൈവിംഗ് സംസ്‍കാരം വളരുന്നത് മുതിർന്നവരുടെ ഡ്രൈവിംഗിനെ ആശ്രയിച്ചാണെന്നും അതുകൊണ്ടുതന്നെ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം എന്നും എംവിഡി പറയുന്നു.

Related posts

വിമാനാപകടം: ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും സിംബാബ്‌വെയിൽ കൊല്ലപ്പെട്ടു

Aswathi Kottiyoor

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Aswathi Kottiyoor

‘ആരുടെയും കനിവിന് കാത്തു നിന്നില്ല, അന്നക്കുട്ടി മരണത്തിനൊപ്പം പോയി’; കുമളിയിൽ മക്കൾ ഉപേക്ഷിച്ച വയോധിക മരിച്ചു

Aswathi Kottiyoor
WordPress Image Lightbox