23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേരളത്തിന് സുരക്ഷ വേണം, തമിഴ്നാടിന് വെള്ളവും; മഴയ്ക്കൊപ്പം കനക്കുന്ന മുല്ലപ്പെരിയാർ എന്ന ആശങ്ക
Uncategorized

കേരളത്തിന് സുരക്ഷ വേണം, തമിഴ്നാടിന് വെള്ളവും; മഴയ്ക്കൊപ്പം കനക്കുന്ന മുല്ലപ്പെരിയാർ എന്ന ആശങ്ക

മഴ കനക്കുന്നതിനൊപ്പം കനക്കുന്ന ഒരു ആശങ്കയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ ഡാം. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ കേരളത്തിന് ആശങ്കയാണെങ്കിൽ തമിഴ്നാടിന് അതൊരു ആശ്വാസമാണ്. തമിഴ്നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കും വിധം ഈ പ്രശ്നത്തിന് ഒരു തീരുമാനം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2024 മെയ് 28 ന് ചേരാനിരുന്ന നിർണായക യോഗവും മാറ്റി വെച്ചിരിക്കുകയാണ്. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട്.

ലോകത്തിൽ തന്നെ ഇന്ന് നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ. ഈ പഴയ അണക്കെട്ടിന്റെ സ്ഥാനത്ത് പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. എന്നാൽ തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കേരളം പുതിയ അണക്കെട്ട് പണിയുമോ എന്നതാണ് ആശങ്ക. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഡാമിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് കേരളത്തിന് സ്വതന്ത്രമായി ഒരു തീരുമാനം എടുക്കാൻ കഴിയാത്തത്? സഹവർത്തിത്വത്തിൽ കഴിയുന്ന രണ്ട് അയൽ സംസ്ഥാനങ്ങൾക്കിടയിൽ കാലങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാർ പ്രശ്നം എന്താണെന്ന് നോക്കാം.

ജോൺ പെനിക്യുക്ക്: സുർക്കിയുടെ ഉറപ്പുള്ള നിശ്ചയദാർഢ്യം

തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷ് ​ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഒരു തലവേദനയായിത്തീർന്നു. എന്നാൽ തിരുവിതാംകൂറിലെ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിലാവട്ടെ സമൃദ്ധമായ മഴയും, നദി കരകവിഞ്ഞൊഴുകി പ്രളയവും. ഈ പ്രശ്നത്തിന് ബ്രിട്ടീഷുകാർ കണ്ടെത്തിയ പരിഹാരമായിരുന്നു പെരിയാർനദിയിലെ വെള്ളം, പശ്ചിമഘട്ടത്തിലെ മലതുരന്ന്, മധുരയിലൂടെയൊഴുകുന്ന വൈഗൈ നദിയിലെത്തിക്കുക എന്നത്. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഇത്. പദ്ധതി അസാദ്ധ്യമാണെന്നായിരുന്നു ഇതുസംബന്ധിച്ച് പഠനം നടത്തിയ ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം. പശ്ചിമഘട്ടത്തെ കുറിച്ച് കാഡ്‌വെല്ലിനുള്ള അറിവാണ് ഈ പഠനത്തിനു വേണ്ടി അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ ബ്രട്ടീഷുകാരെ പ്രേരിപ്പിച്ചത്. എങ്കിലും വെള്ളം തിരിച്ചുവിടാനുള്ള ശ്രമത്തിൽനിന്ന് അവർ പിന്മാറിയില്ല.

1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവരെ ബ്രിട്ടീഷുകാർ ഈ ഉത്തരവാദിത്തം എൽപിച്ചു. അതുവരെയുള്ള എല്ലാ പഴയപദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയ പദ്ധതി സമർപ്പിക്കാനായിരുന്നു ഇരുവരോടും ആവശ്യപ്പെട്ടത്. അങ്ങനെ 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കല്ല് എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിന് 53 ലക്ഷം രൂപയായിരുന്നു അക്കാലത്തു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽനിന്നു തിരിച്ചുകിട്ടുമെന്നും പെനിക്യുക്ക് വിലയിരുത്തി. ഈ പദ്ധതി അം​ഗീകരിച്ച് ബ്രിട്ടീഷ് സർക്കാർ നിർമ്മാണനിർദ്ദേശം നൽകി.

1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ച് നിർമ്മാണം ആരംഭിച്ചു. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഡാമിന്റെ നിർമ്മാണം. കനത്തമഴയും വെള്ളപ്പൊക്കവും നിർമ്മാണം തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചു. കുറേയേറെപ്പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ജോലിക്കാർ വന്യമൃഗങ്ങൾക്കിരയായി. മലമ്പനി തൊഴിലാളികളുടെ ജീവനെടുത്തു. പ്രതിസന്ധികൾ ഒന്നിനുപുറകെ ഒന്നായി വന്നതോടെ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു മടങ്ങി. എന്നാൽ തോറ്റുമടങ്ങാൻ പെനിക്യുക്ക് തയ്യാറല്ലായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവന്നു. ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ ഡാം നിർമ്മാണം വീണ്ടും തുടങ്ങി. ഇത്തവണ ‌മഴക്കാലം ആപെനിക്യുക്ക് ഇട്ട അടിത്തറയെ തകർത്തില്ല. 1895ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. എൺപത്തൊന്നുലക്ഷത്തിമുപ്പതിനായിരം (₹ 81,30,000) രൂപയായിരുന്നു ആകെച്ചെലവ്.

മുല്ലപ്പെരിയാറിലെ ജലം കൊണ്ട് കൃഷിയും ജീവിതവും തിരിച്ചുപിടിച്ച തമിഴ്ജനതയുടെ മനസ്സിലും വീടിന്റെ ചുമരുകളിലും അങ്ങനെ ദൈവങ്ങൾക്കൊപ്പം ജോൺ പെനിക്യൂക്കും ഇടം നേടി. തമിഴ്നാട്ടിൽ ജോൺ പെനിക്യുക്കിന് സ്മാരകം ഉയർന്നു.

Related posts

രാഹുലിന് തിങ്കളാഴ്ച യുഎസിലേക്ക് പറക്കാം; പാസ്പോർട്ട് കിട്ടിയത് യാത്രയ്ക്ക് തൊട്ടുമുൻപ്

Aswathi Kottiyoor

‘സപ്ലൈകോ കടുത്ത പ്രതിസന്ധിയിൽ’; വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി ജിആർ അനിൽ

Aswathi Kottiyoor

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മധുസൂദനൻ നമ്പൂതിരി

Aswathi Kottiyoor
WordPress Image Lightbox