തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് വിവിധയിടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയിൽ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്‍റെ മകൻ എൽദോസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്.
കാലവർഷക്കാറ്റ് ശക്തമായതോടെ വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്നാണ് മുനനറിയിപ്പ്. കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ട് മുന്നറിയിപ്പ് ഇന്ന് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടും, കണ്ണൂരും, കാസർകോടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണം. കേരളാ തീരത്തേക്ക് കാലവർഷമെത്താൻ അനുകൂലമായ സാഹചര്യം ഒരുങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.