രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോടെയാണ് മലയാളിയായ സബിത് നാസർ കേന്ദ്ര ഏജൻസികളുടെ റഡാറിലേക്ക് വരുന്നത്. കൊച്ചി കുവൈറ്റ് ഇറാൻ റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് എമിഗ്രേഷൻ തടഞ്ഞ് പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനങ്ങളുളള സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നത്.
എൻ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു. കേസിലെ പല പ്രധാന സംഭവങ്ങളും നടന്ന സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിക്കും പുറത്താണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എൻ ഐ എ പരിശോധിക്കുന്നുണ്ട്. ഇതിനിടെ അന്വേഷണ സംഘത്തെ വിപുലമാക്കിയതായി എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന അറിയിച്ചു.
അവയവ റാക്കറ്റിന്‍റെ കെണിയിൽപ്പെട്ട് ഇറാനിലേക്ക് പോയ പാലക്കാട് സ്വദേശി ഷമീർ ഇപ്പാൾ ബാങ്കോക്കിൽ ഉണ്ടെന്നാണ് സൂചന. ഇയാളെപ്പറ്റി ഒരു വർഷമായി വിവരമില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. വ്യത്യസ്ഥമായ മൊഴികളാണ് ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ സബിത് നാസർ പൊലീസിനോട് പറഞ്ഞ്. ഹൈദരാബാദിൽവെച്ചാണ് അവയവ മാഫിയയെ പരിചയപ്പെട്ടതെന്നും ഇതര സംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേരെ അവിടേക്ക് കൊണ്ടുപോയെന്നുമാണ് മൊഴി. കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളിലടക്കം വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.