കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.