24.6 C
Iritty, IN
May 29, 2024
  • Home
  • Uncategorized
  • 110 ദിവസത്തിനിടെ 200 വിമാന യാത്രകൾ, എല്ലാം മോഷണത്തിന്; ഗസ്റ്റ് ഹൗസ് ഉടമ പിടിയിൽ
Uncategorized

110 ദിവസത്തിനിടെ 200 വിമാന യാത്രകൾ, എല്ലാം മോഷണത്തിന്; ഗസ്റ്റ് ഹൗസ് ഉടമ പിടിയിൽ

ദില്ലി: 110 ദിവസത്തിനിടെ 200 തവണ വിമാനയാത്ര നടത്തി യാത്രക്കാരെ കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ഹൈദരാബാദിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയിൽ തന്‍റെ ഹാൻഡ്ബാഗിൽ നിന്ന് ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി ഒരു സ്ത്രീ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 20 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി യുഎസിലുള്ള ഒരാളുടെ പരാതിയും പൊലീസിന് ലഭിച്ചു. വിമാനത്താവളങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഒടുവിൽ രാജേഷ് കപൂർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കണക്ടിംഗ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവരെയാണ് രാജേഷ് കപൂർ ലക്ഷ്യമിട്ടതെന്ന് ദില്ലി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷാ രംഗ്‌രാണി പറഞ്ഞു. പ്രായമായവരേയും സ്ത്രീകളെയും വിമാനത്താവളത്തിൽ ഇയാള്‍ നിരീക്ഷിക്കും. ബാഗിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ചറിയാൻ ലഗേജ് ഡിക്ലറേഷൻ സ്ലിപ്പിലെ വിവരങ്ങൾ വായിക്കും. ബോർഡിംഗ് ഗേറ്റിൽ വച്ചാണ് ഇയാൾ യാത്രക്കാരുമായി ഇടപഴകാറുള്ളത്. ലക്ഷ്യമിട്ട യാത്രക്കാരിയുടെ അടുത്തിരിക്കാൻ ചിലപ്പോള്‍ സീറ്റുമാറ്റം ആവശ്യപ്പെടും. എന്നിട്ട് തന്‍റെ ബാഗ് മുകളിൽ വെയ്ക്കുകയാണെന്ന വ്യാജേന യാത്രക്കാരിയുടെ ബാഗിലെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റ് വസ്തുക്കളും കൈക്കലാക്കും. ഇതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രതി നൽകിയിരുന്നത് മറ്റാരുടെയെങ്കിലും ഫോണ്‍ നമ്പറാണ്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു ഇയാളുടെ യാത്ര. ഡൽഹിയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗസ്റ്റ് ഹൗസായ ‘റിക്കി ഡീലക്‌സ്’ രാജേഷിന്‍റെ ഉടമസ്ഥതയിലാണ്. ഗസ്റ്റ് ഹൗസിന്‍റെ മൂന്നാം നിലയിലാണ് ഇയാൾ താമസിച്ചിരുന്നത്. മറ്റ് നിലകളിലെ മുറികള്‍ വാടകയ്ക്ക് നൽകി. ഇതുകൂടാതെ മണി എക്‌സ്‌ചേഞ്ച് ബിസിനസും ചെയ്തു. ഒരു മൊബൈൽ റിപ്പയർ ഷോപ്പും ഇയാള്‍ക്കുണ്ട്.

ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ്, ബാംഗ്ലൂർ, മുംബൈ, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങളിലായിരുന്നു രാജേഷ് കപൂറിന്‍റെ മോഷണം. പഹർഗഞ്ചിലെ ഇയാളുടെ വീട്ടിൽ നിന്ന് വൻതോതിൽ സ്വർണവും വെള്ളിയും കണ്ടെടുത്തു. മോഷ്ടിച്ച ആഭരണങ്ങൾ കരോൾ ബാഗിലെ ശരദ് ജെയിൻ എന്ന ജ്വല്ലറി ഉടമയ്ക്ക് വിൽക്കാറുണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു. വിമാനത്തിൽ മാത്രമല്ല ട്രെയിനിലും ഇയാള്‍ മോഷണം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് പിടിക്കപ്പെട്ടതോടെയാണ് ഇയാള്‍ മോഷണം വിമാനത്തിലേക്ക് മാറ്റിയതെന്നും പൊലീസ് പറഞ്ഞു.

Related posts

മനുഷ്യനെപ്പോലെ ചിന്തിക്കും, പ്രവർത്തിക്കും, ഉത്തരം നൽകും; വരുന്നത് റോബോയു​ഗമോ? ഞെട്ടിച്ച് ഫിഗർ 01

Aswathi Kottiyoor

5 വർഷവും അട്ടിമറിനീക്കങ്ങളും മറിക‌ടന്ന് മധുവിന് നീതി; 14 പ്രതികൾ കുറ്റക്കാർ, ശിക്ഷ ഇന്ന്

Aswathi Kottiyoor

എം എൻ വേലായുധൻ നായർ , രാജേഷ് കുമാർ പി പി മെമ്മോറിയൽ ജില്ലാതല 20-20 ക്രിക്കറ്റ് ടൂർണമെൻ്റ്

Aswathi Kottiyoor
WordPress Image Lightbox