• Home
  • Uncategorized
  • ‘അന്ന് അനന്തു ജീവനുവേണ്ടി പിടഞ്ഞപ്പോൾ ജന്മദിനാഘോഷം, ഇന്ന് അഖിൽ’; കരമന കൊലയ്ക്ക് പിന്നിൽ കൊടും ക്രിമിനലുകൾ
Uncategorized

‘അന്ന് അനന്തു ജീവനുവേണ്ടി പിടഞ്ഞപ്പോൾ ജന്മദിനാഘോഷം, ഇന്ന് അഖിൽ’; കരമന കൊലയ്ക്ക് പിന്നിൽ കൊടും ക്രിമിനലുകൾ


തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊടും ക്രിമിനലുകൾ. 2019ൽ അനന്തു ഗിരീഷെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം അഖിലെന്ന യുവാവിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖിലിനെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കരമന മരുതൂർ കടവിൽ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏപ്രില്‍ 25-ന് പാപ്പനംകോട്ടെ ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. സമാനമായ രീതിയിലാണ് 2019ൽ നടന്ന അനന്തു ഗീരീഷ് കൊലപാതകവും. അന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയത്.

2019 മാര്‍ച്ചിലാണ് അനന്തു കൊല്ലപ്പെടുന്നത്, ഇതിനും കാരണം മുൻ വൈരാഗ്യമായിരുന്നു. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ അനന്ദുവിനെ തട്ടിക്കൊണ്ട് വന്ന് കാടുപിടിച്ച സ്ഥലത്ത് എത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. റോഡരികിലെ ഒരു ബേക്കറിയില്‍ നില്‍ക്കുകയായിരുന്ന അനന്തുവിനെ ഇയാളുടെ തന്നെ ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഒരുദിവസം മുഴുവന്‍ പീഡിപ്പിച്ചായിരുന്നു ക്രൂര കൊലപാതകം.

ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കാടുപിടിച്ച സ്ഥലത്ത് കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്‍റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്‍റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉണ്ടായിരുന്നത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്‍റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയിൽ ചേർത്തുവച്ച മർദ്ദിച്ചുവെന്നാണ് കുറ്റപത്രം.

വിഷ്ണുരാജ്, ഹരിലാൽ, വിനീത് കൃഷ്ണ, അനീഷ്, അഖിൽ, വിജയരാജ്, ശരത് കുമാർ, മുഹമ്മദ് റോഷൻ, സുമേഷ്, അരുണ്‍ ബാബു, അഭിലാഷ്, റാം കാർത്തിക, വിപിൻ രാജ് എന്നിവരായിരുന്നു അനന്തു വധക്കേസിലെ പ്രതികള്‍. ഇതിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വിഷ്ണുരാജ്, വിജയരാജ് എന്നിവർക്കെതിരെ പോക്സോ കേസടക്കം ഉണ്ട്. അനന്തു കൊലപാതക കേസിൽ വിചാരണ നീണ്ടതിനാലാണ് പ്രതികൾ അടുത്തിടെ ജാമ്യത്തിലിറങ്ങിയത്. ഇതിനിടെയിലാണ് കരമനയിൽ യുവാവിനെ കൊലപ്പെടുത്തുന്നത്. അഖിൽ വധക്കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനീഷ് രാജ്, അഖിൽ, സുമേഷ്, അനീഷ് എന്നിവരെ കൂടി ഇനി പിടികൂടാനുണ്ട്.

Related posts

അക്രഡിറ്റഡ് എഞ്ചിനീയര്‍,ഓവര്‍സിയര്‍ നിയമനം

Aswathi Kottiyoor

പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി

Aswathi Kottiyoor

വഴി ചോദിക്കുന്നതിനിടെ യുവതികൾ ഭയന്നോടി, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് സന്യാസിമാർക്ക് മർദ്ദനം: ബംഗാളിൽ 12 പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox