23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • 200-ലധികം ജീവനക്കാർ അവധിയിൽ, 80 വിമാനങ്ങൾ റദ്ദാക്കി; ക്ഷമ ചോദിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
Uncategorized

200-ലധികം ജീവനക്കാർ അവധിയിൽ, 80 വിമാനങ്ങൾ റദ്ദാക്കി; ക്ഷമ ചോദിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദില്ലി: 80 ലധികം വിമാനങ്ങൾ റദ്ദാക്കി ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്. എയർലൈനിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിച്ച് ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം അപ്രതീക്ഷിതമായി അസുഖ അവധി റിപ്പോർട്ട് ചെയ്തതിനാൽ എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുകയും ചെയ്തിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

മാർച്ച് അവസാന വാരത്തിൽ ആരംഭിച്ച വേനൽക്കാല സ്പെഷ്യൽ ഫ്ലൈറ്റുകൾ ഉൾപ്പടെ പ്രതിദിനം 360 ഫ്ലൈറ്റ് സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്. ഒരുമിച്ചുള്ള സിക്ക് ലീവ് എടുത്തതിന്റെ കാരണങ്ങൾ മനസിലാക്കാൻ ക്യാബിൻ ക്രൂ അംഗങ്ങളുമായി ചർച്ച നടത്തുകയാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

ക്യാബിൻ ക്രൂവിലെ ഒരു വിഭാഗത്തിൽ കുറച്ചുകാലമായി അതൃപ്തി നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ചും ലയന പ്രക്രിയ ആരംഭിച്ചതിന് ശേഷം. 200-ലധികം ക്യാബിൻ ക്രൂ ജീവനക്കാരാണ് സിക്ക് ലീവ് എടുത്തിരിക്കുന്നത്. ക്യാബിൻ ക്രൂ ക്ഷാമം കാരണം ചൊവ്വാഴ്ച രാത്രി മുതൽ കുറഞ്ഞത് 80 ലധികം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു.

കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നത് യാത്രക്കാർക്കിടയിൽ പ്രതിഷേധം ഉയർത്തി.
“ഞങ്ങളുടെ ക്യാബിൻ ക്രൂവിലെ ഒരു വിഭാഗം അവസാന നിമിഷം അസുഖം അവധി റിപ്പോർട്ട് ചെയ്തു, ഇത് ഇന്നലെ രാത്രി മുതൽ, ഫ്ലൈറ്റ് കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി. ഈ സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഞങ്ങൾ ജോലിക്കാരുമായി ചർച്ച നടത്തുകയാണ്. യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിന് ഞങ്ങളുടെ ടീമുകൾ ശ്രമിക്കുന്നുണ്ട്” എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

Related posts

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹം; വി മുരളീധരനെതിരെ കേസ്

Aswathi Kottiyoor

കോഴിക്കോട് ലോ കോളേജിൽ KSU പ്രവർത്തകനെ മർദിച്ച SFI പ്രവർത്തകർക്കെതിരെ കേസ്

Aswathi Kottiyoor

ബസ് മറിഞ്ഞ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox